ലഹരിമരുന്ന് നിർമ്മാണവും വിതരണവും: മൂന്ന് പേർക്കെതിരെ ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ ലഹരിമരുന്ന് ശൃംഖല നടത്തിപ്പുമായി ബന്ധപ്പെട്ട് നിർമ്മാണവും കടത്തും വിതരണവും നടത്തിയ കേസിൽ മൂന്ന് പ്രതികൾക്കെതിരെ ഒന്നാം ഹൈ ക്രിമിനൽ കോടതി വിചാരണ ആരംഭിച്ചു. 25 വയസ്സുള്ള ബഹ്റൈനി യുവാവ്, 24 വയസ്സുള്ള ബഹ്റൈനി യുവതി, 26 വയസ്സുള്ള മൊറോക്കൻ യുവതി എന്നിവരാണ് കേസിലെ പ്രതികൾ.

കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ലഹരിമരുന്ന് നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ ഇറക്കുമതി ചെയ്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകിയത് ഒന്നാം പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നെത്തുന്ന ലഹരിമരുന്ന് ശേഖരങ്ങൾ കോസ്‌വേ വഴി ബഹ്റൈനിലേക്ക് കടത്തി ഒന്നാം പ്രതിക്ക് എത്തിച്ചു നൽകുകയാണ് രണ്ടാം പ്രതി ചെയ്തിരുന്നത്. മൂന്നാം പ്രതി തന്റെ ബാങ്ക് അക്കൗണ്ട് വഴി ഏഷ്യൻ രാജ്യങ്ങളിലെ ലഹരി ഇടപാടുകാർക്ക് പണം അയച്ചു നൽകുകയും ലഹരിമരുന്ന് വിതരണത്തിന് തയ്യാറാക്കാൻ സഹായിക്കുകയും ചെയ്തതായും പോലീസ് വ്യക്തമാക്കുന്നു.

പബ്ലിക് പ്രോസിക്യൂഷൻ വാറന്റുമായി ജൂഫെയറിലെത്തിയ പോലീസിനെ ഇലക്ട്രിക് സ്റ്റൺ ഉപകരണം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ച ഒന്നാം പ്രതിയെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇയാളിൽ നിന്ന് 249.39 ഗ്രാം കഞ്ചാവ്, കഞ്ചാവ് അടങ്ങിയ ഇലക്ട്രോണിക് സിഗരറ്റുകൾ, 100 ലിറിക്ക ഗുളികകൾ, പണം എന്നിവ പോലീസ് പിടിച്ചെടുത്തു. തുടർന്ന് പ്രതികളുമായി ബന്ധപ്പെട്ട അപ്പാർട്ടുമെന്റുകളിൽ നടത്തിയ തെരച്ചിലിലും ലഹരിമരുന്നുകളും വിതരണ സാമഗ്രികളും കണ്ടെടുത്തു.

ലഹരിമരുന്ന് വിതരണം നടത്തിയതായി ഒന്നാം പ്രതി സമ്മതിച്ചു. മാസം 300 ദിനാർ വേതനത്തിൽ 20 തവണയോളം താൻ ലഹരി ശേഖരങ്ങൾ കടത്തിക്കൊണ്ടുവന്നതായി രണ്ടാം പ്രതിയും, 500 ദിനാർ കൈമാറ്റം ചെയ്തതായും ലഹരി വിതരണത്തിന് സഹായിച്ചതായും മൂന്നാം പ്രതിയും മൊഴി നൽകി. പ്രതികൾക്ക് അഭിഭാഷകനെ നിയമിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 23-ലേക്ക് മാറ്റി.

article-image

sfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed