ബഹ്റൈനിൽ റീട്ടെയിൽ ബാങ്ക് നിക്ഷേപങ്ങളിൽ വൻ വർദ്ധനവ്; കറന്റ് അക്കൗണ്ട് ബാലൻസുകളിൽ 24 ശതമാനം ഉയർച്ച


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ റീട്ടെയിൽ ബാങ്കുകളിലേക്കുള്ള പണത്തിന്റെ ഒഴുക്കിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വൻ വർദ്ധനവ് രേഖപ്പെടുത്തി. നിശ്ചിത കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്കുകൾ ഉയർന്ന പലിശ നൽകിയിട്ടും, പണം ദീർഘകാലത്തേക്ക് ലോക്ക് ചെയ്യുന്നതിന് പകരം കൈവശം വെയ്ക്കാവുന്ന കറന്റ് അക്കൗണ്ടുകളിലാണ് നിക്ഷേപകർ കൂടുതൽ താല്പര്യം കാണിച്ചത്. ഇതോടെ കറന്റ് അക്കൗണ്ട് ബാലൻസുകളിൽ 24 ശതമാനത്തോളം വർദ്ധനവുണ്ടായി.

സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന്റെ (CBB) കണക്കുകൾ പ്രകാരം 2025 മേയിലെ 20.67 ശതകോടി ദിനാറിൽ നിന്ന് 10.6 ശതമാനം വർദ്ധിച്ച് 2026 മേയ് അവസാനത്തോടെ മൊത്തം നിക്ഷേപം 22.87 ശതകോടി ദിനാറായി ഉയർന്നു. 12 മാസത്തിനിടെ 2.2 ശതകോടി ദിനാറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

നിക്ഷേപത്തിലെ ഭൂരിഭാഗവും രാജ്യത്തിനകത്തു നിന്നുള്ളതാണ്. ആഭ്യന്തര നിക്ഷേപങ്ങൾ 1.58 ശതകോടി ദിനാർ വർദ്ധിച്ച് 17.52 ശതകോടി ദിനാറിലും, വിദേശ നിക്ഷേപങ്ങൾ 615.6 മില്യൺ ദിനാർ വർദ്ധിച്ച് 5.35 ശതകോടി ദിനാറിലുമെത്തി.

കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപമാണ് വളർച്ചയിൽ മുന്നിട്ടുനിൽക്കുന്നത്. 2025 മേയിലെ 2.94 ശതകോടി ദിനാറിൽ നിന്ന് 23.7 ശതമാനം വർദ്ധിച്ച് ഇത്തവണ 3.64 ശതകോടി ദിനാറായി. അതായത് 697.7 മില്യൺ ദിനാറിന്റെ വർദ്ധനവ്.

അതേസമയം, ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നേരിയ വളർച്ച മാത്രമാണ് ഉണ്ടായത്. 1.8 ശതമാനം വർദ്ധനവോടെ 7.26 ശതകോടി ദിനാറിൽ നിന്ന് 7.39 ശതകോടി ദിനാറിലേക്കാണ് ഇത് ഉയർന്നത്. എന്നാൽ സേവിങ്സ് അക്കൗണ്ടുകൾ 9.5 ശതമാനം വർദ്ധിച്ച് 3.66 ശതകോടി ദിനാറിലെത്തി. ആവശ്യാനുസരണം ഉടനടി പിൻവലിക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കുന്ന അക്കൗണ്ടുകളിലാണ് നിക്ഷേപകർ തുക സൂക്ഷിക്കാൻ മുൻഗണന നൽകിയതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

സർക്കാർ നിക്ഷേപങ്ങളിലും 18.5 ശതമാനം വർദ്ധനവുണ്ടായി. 2.39 ശതകോടി ദിനാറിൽ നിന്ന് 2.83 ശതകോടി ദിനാറായാണ് സർക്കാർ നിക്ഷേപം ഉയർന്നത്.

ബാങ്ക് വായ്പകളുടെ കാര്യത്തിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ഇതര സാമ്പത്തിക മേഖലകളിലേക്കുള്ള വായ്പകളും ക്രെഡിറ്റ് സൗകര്യങ്ങളും 7.8 ശതമാനം വർദ്ധിച്ച് 13.42 ശതകോടി ദിനാറായി. വായ്പകളുടെ വളർച്ചയേക്കാൾ (7.8%) വേഗത്തിലാണ് നിക്ഷേപങ്ങൾ (10.6%) ഉയർന്നത്.

മേയ് മാസത്തിൽ ഹ്രസ്വകാല ഫിക്സഡ് ഡെപ്പോസിറ്റുകൾക്കുള്ള പലിശ നിരക്ക് ബാങ്കുകൾ ഉയർത്തിയിരുന്നു. മൂന്ന് മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ശരാശരി 2.56 ശതമാനവും, മൂന്ന് മുതൽ ആറ് മാസം വരെയുള്ളവയ്ക്ക് 2.51 ശതമാനവും, ആറ് മുതൽ 12 മാസം വരെയുള്ളവയ്ക്ക് 2.55 ശതമാനവുമാണ് പലിശ നൽകിയത്. ഇസ്ലാമിക് റീട്ടെയിൽ ബാങ്കുകളിൽ മൂന്ന് മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 1.99 ശതമാനവും, മൂന്ന് മുതൽ ആറ് മാസം വരെ 2.57 ശതമാനവും, ആറ് മുതൽ 12 മാസം വരെ 2.73 ശതമാനവുമാണ് ശരാശരി ലാഭവിഹിതം ലഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed