തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനമായി കുറഞ്ഞു; ബഹ്റൈനിൽ കൂടുതൽ യുവാക്കൾ തൊഴിൽ വിപണിയിലേക്ക്
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2024-ലെ 6.2 ശതമാനത്തിൽ നിന്ന് കഴിഞ്ഞ വർഷം 5.6 ശതമാനമായി കുറഞ്ഞതോടെ കൂടുതൽ ബഹ്റൈനി യുവാക്കൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചു. ബഹ്റൈൻ ഓപ്പൺ ഡാറ്റ പോർട്ടൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 25-നും 29-നും ഇടയിൽ പ്രായമുള്ള പൗരന്മാർക്കിടയിലാണ് തൊഴില്ലായ്മയിൽ ഗണ്യമായ കുറവുണ്ടായത്.
2025 ഏപ്രിലിൽ 6.49 ശതമാനമായി ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, വർഷത്തിന്റെ രണ്ടാം പകുതിയോടെ താഴേക്ക് പതിക്കുകയായിരുന്നു. രജിസ്റ്റർ ചെയ്ത ഓരോ ബഹ്റൈനി ഉദ്യോഗാർത്ഥിക്കും വർഷാവസാനത്തിന് മുമ്പ് മൂന്ന് തൊഴിലവസരങ്ങൾ വീതം നൽകാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ തൊഴിൽ മന്ത്രാലയത്തിന് നൽകിയ നിർദ്ദേശമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. രാജ്യത്തിന്റെ വികസന മുന്നേറ്റത്തിൽ പൗരന്മാരാണ് കേന്ദ്രബിന്ദുവെന്നും, സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കുന്നത് സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്നും പ്രിൻസ് സൽമാൻ വ്യക്തമാക്കിയിരുന്നു.
ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് 18,657 ഉദ്യോഗാർത്ഥികൾക്ക് മൂന്ന് അവസരങ്ങൾ വീതം നൽകുകയും മന്ത്രാലയത്തിൽ ഇന്റർവ്യൂകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. രാജകീയ നിർദ്ദേശത്തെ തുടർന്ന് നാഷണൽ എംപ്ലോയ്മെന്റ് പ്ലാറ്റ്‌ഫോം വഴി 2,863 സ്ഥാപനങ്ങളിലായി 4,746 പേർക്ക് ജോലി ലഭിച്ചു.
2024 അവസാനത്തിൽ 17,402 ആയിരുന്ന ആകെ തൊഴിൽ രഹിതരുടെ എണ്ണം കഴിഞ്ഞ വർഷാവസാനത്തോടെ 15,433 ആയി കുറഞ്ഞു. ഇതിൽ പുരുഷന്മാരുടെ എണ്ണം 5,206-ൽ നിന്ന് 4,483 ആയും, സ്ത്രീകളുടേത് 12,196-ൽ നിന്ന് 10,950 ആയും താഴ്ന്നു. അതനുസരിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 10.03 ശതമാനത്തിൽ നിന്ന് 8.86 ശതമാനമായും, പുരുഷന്മാരുടേത് 3.23 ശതമാനത്തിൽ നിന്ന് 2.7 ശതമാനമായും കുറഞ്ഞു.
യുവാക്കൾക്കിടയിലാണ് ഏറ്റവും ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയത്. 15 മുതൽ 19 വയസ്സ് വരെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 41.90 ശതമാനത്തിൽ നിന്ന് 24.51 ശതമാനമായും, 25 മുതൽ 29 വയസ്സ് വരെയുള്ളവരുടേത് 18.55 ശതമാനത്തിൽ നിന്ന് 10.82 ശതമാനമായും കുത്തനെ കുറഞ്ഞു. ഈ കാലയളവിൽ ബഹ്റൈന്റെ ആകെ തൊഴിൽ ശക്തി 2,75,000 നും 2,80,000 നും ഇടയിൽ നിലകൊണ്ടു.
കഴിഞ്ഞ വർഷം നാഷണൽ എംപ്ലോയ്മെന്റ് പ്ലാറ്റ്‌ഫോം വഴി 33,400 ഒഴിവുകൾ പ്രഖ്യാപിച്ചതായി തൊഴിൽ, ലീഗൽ അഫയേഴ്സ് മന്ത്രി യൂസിഫ് ഖലഫ് വ്യക്തമാക്കി. സ്വകാര്യ മേഖലയിൽ 9,149 പുതിയ ആളുകൾ പ്രവേശിച്ചപ്പോൾ, ആറ് മാസത്തിലധികമായി തൊഴിൽ രഹിതരായിരുന്ന 7,166 പേർ ജോലിയിൽ തിരിച്ചെത്തി.
അതേസമയം, ഉന്നത വിദ്യാഭ്യാസമുള്ള വനിതകൾക്ക് അനുയോജ്യമായ ജോലി ലഭിക്കാത്ത പ്രവണത ആശങ്കയായി തുടരുന്നു. തൊഴിൽ രഹിതരായ സ്ത്രീകളിൽ ബിരുദധാരികളുടെ അനുപാതം 2016-ലെ 62.8 ശതമാനത്തിൽ നിന്ന് 2025-ൽ 78.2 ശതമാനമായി ഉയർന്നു. 2021 ഏപ്രിലിൽ കോവിഡ് മഹാമാരിയുടെ സമയത്ത് 7.7 ശതമാനമായി ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ്, സാമ്പത്തിക വീണ്ടെടുപ്പിലൂടെയും സർക്കാരിന്റെ പുതിയ പദ്ധതികളിലൂടെയും ഇപ്പോൾ ഘട്ടം ഘട്ടമായി കുറഞ്ഞുവരുന്നത്.
dfgdfg

