ഉയർന്ന ചൂട്: സ്കൂൾ മോർണിംഗ് അസംബ്ലികൾ ഇൻഡോറിലേക്ക് മാറ്റും; പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്ത് ചൂട് വർദ്ധിച്ച സാഹചര്യത്തിൽ സ്കൂളുകളിലെ രാവിലത്തെ അസംബ്ലികൾ ഇൻഡോറുകളിലേക്ക് മാറ്റാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശം. 2026-2027 പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക സ്വീകരണ പരിപാടികളും ഓറിയന്റേഷൻ ക്ലാസുകളും സംഘടിപ്പിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

പുതിയ സമയക്രമം അനുസരിച്ച് പ്രൈമറി വിഭാഗത്തിന് രാവിലെ 7.05 മുതൽ ഉച്ചയ്ക്ക് 12.35 വരെയും, ഇന്റർമീഡിയറ്റ് വിഭാഗത്തിന് രാവിലെ 7.05 മുതൽ ഉച്ചയ്ക്ക് 1.15 വരെയുമായിരിക്കും അധ്യയനം. രണ്ട് വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിൽ അതത് ഘട്ടങ്ങൾക്ക് അനുസരിച്ചായിരിക്കും വിദ്യാർത്ഥികളുടെ വിടുതൽ സമയം. സെക്കൻഡറി ടെക്നിക്കൽ, വൊക്കേഷണൽ വിദ്യാർത്ഥികൾക്ക് രാവിലത്തെ ഷിഫ്റ്റ് 7.05 മുതൽ 1.45 വരെയും, വൈകുന്നേരത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 7.30 വരെയുമായിരിക്കും. കൂടാതെ മതബോധന ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഇന്റർമീഡിയറ്റ്, സെക്കൻഡറി വിദ്യാർത്ഥികളുടെ സമയം രാവിലെ 7.05 മുതൽ ഉച്ചയ്ക്ക് 1.45 വരെയായി ക്രമീകരിച്ചിട്ടുണ്ട്.

അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ സ്കൂൾ പരിസരം, അധ്യാപകർ, സപ്പോർട്ട് ഓഫീസുകൾ, പഠനവിഷയങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിക്കണം. ഒന്നാം ക്ലാസിലെ പുതിയ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി പ്രത്യേക സ്വീകരണ പരിപാടികൾ ഒരുക്കാനും സ്കൂളുകൾക്ക് നിർദ്ദേശമുണ്ട്.

സെപ്റ്റംബർ മൂന്നാം ആഴ്ചയ്ക്കുള്ളിൽ എല്ലാ വിദ്യാർത്ഥികളുടെയും ക്ലാസ് വിഭജനം പൂർത്തിയാക്കി ടൈംടേബിൾ നൽകാനും, സ്കൂൾ മാനേജ്‌മെന്റ് സിസ്റ്റത്തിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും സർക്കുലർ ആവശ്യപ്പെടുന്നു. കൂടാതെ, പഠന സാമഗ്രികളും പാഠപുസ്തകങ്ങളും കൃത്യമായി വിതരണം ചെയ്യണമെന്നും പുസ്തകങ്ങളുടെ ലഭ്യതക്കുറവുണ്ടെങ്കിൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റുകളുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

article-image

gffdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed