ശിഹാബ് തങ്ങൾ വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭ: സി.പി സെയ്തലവി


മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജനങ്ങൾ‍ക്കുവേണ്ടി വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭയായിരുന്നുവെന്ന് മാധ്യമ പ്രവർ‍ത്തകനും എഴുത്തുകാരനുമായ സി.പി സെയ്തലവി അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്‌റൈൻ‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർ‍മ്മകളിലെ ശിഹാബ് തങ്ങൾ എന്ന പേരിൽ‍ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ ഓൺ‍ലൈൻ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ പാരന്പര്യത്തിലെ കണ്ണിയായ ശിഹാബ് തങ്ങൾ‍ സാധുക്കളുടെ അത്താണിയായാണ് ജീവിച്ചത്. അധികാരത്തോടും പ്രചാരണങ്ങളിലും താൽ‍പര്യമില്ലാത്തിരുന്ന ശിഹാബ് തങ്ങളുടെ സൗമ്യതയും സവിശേഷതയും ബാല്യകാലാനുഭവങ്ങളുടെ പ്രതിഫലനമായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസ്സിൽ പിതാവ് പൂക്കോയ തങ്ങളെ ബ്രിട്ടീഷ് പോലിസ് അറസ്റ്റ് ചെയ്തപ്പോൾ മാതാവിനെയും സഹോദരങ്ങളെയും ചേർത്തുപിടിച്ചാണ് അദ്ദേഹം പ്രവർത്തിച്ചു തുടങ്ങിയത്. 

കേരളത്തിലെ കലാപന്തരീക്ഷങ്ങളിലൊക്കെയും സമാധാനം തിരിച്ചെടുക്കുന്നതിൽ തങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1992ലെ ഭീമാപ്പള്ളി കലാപത്തിലും തൃശ്ശൂരിൽ രഥയാത്ര കടന്നുപോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെയും തങ്ങൾ സമാധാനദൂതനെ പോലെയാണ് കടന്നുചെന്നത്. ഭയത്തിൽ നിന്ന് അഭയമായിരുന്നു തങ്ങൾ ഏവർക്കും നൽകിയത്. പ്രകോപനത്തിന് പകരം സംയമനം ആഹ്വാനം ചെയ്ത നേതാവായിരുന്നു അദ്ദേഹം. മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത സന്ദേശം പോലും സംയമനമായിരുന്നു. അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്ത് നാലു വർ‍ഷം കഴിയുന്പോഴാണ് ലീഗിന് ആദ്യ മുഖ്യമന്ത്രിയുണ്ടാകുന്നത്. ലീഗിന്റെ ആദ്യ കേന്ദ്രമന്ത്രിയെ ലഭിച്ചതും അദ്ദേഹം പ്രസിഡന്റായതിന് ശേഷമായിരുന്നു. ഇതിന് പിന്നിൽ മറ്റ് പല ഘടകങ്ങളുമുണ്ടായിരുന്നെങ്കിലും ശിഹാബ് തങ്ങളുടെ പങ്ക് ഏറെ വലുതായിരുന്നു. ഒരേസമയം സാമുദായിക നേതാക്കന്മാരെയും മതേതര നേതാക്കന്മാരെയും ഒന്നിപ്പിച്ചാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നതെന്നും സി.പി സെയ്തലവി പറഞ്ഞു. സൂം വഴി നടന്ന ഓൺലൈൻ സംഗമം ശിഹാബ് തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനുമായുള്ള മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.  കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും സംസ്ഥാന സെക്രട്ടറി ഒ.കെ കാസിം നന്ദിയും പറഞ്ഞു. ഭാരവാഹികളായ കുട്ടൂസ മുണ്ടേരി,  ഗഫൂർ കൈപ്പമംഗലം, മുസ്തഫ കെ.പി, എ.പി  ഫൈസൽ,  എം.എ  റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.  പി.വി  മൻസൂർ സൂം മീറ്റിംഗ് നിയന്ത്രിച്ചു. 

You might also like

  • NEC

Most Viewed