കടലിൽ ഇറങ്ങുന്നതിന് മുൻപ് മുൻകരുതലുകൾ നിർബന്ധമെന്നോർമ്മിപ്പിച്ച് ബഹ്റൈൻ കോസ്റ്റ് ഗാർഡ്
പ്രദീപ് പുറവങ്കര
മനാമ: ഡൈവിംഗ് വേളകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി ബഹ്‌റൈൻ കോസ്റ്റ് ഗാർഡ്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡൈവിംഗിൽ ഏർപ്പെടുന്നവർ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങളും കോസ്റ്റ് ഗാർഡ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഡൈവിംഗിനായി ആവശ്യമായ പരിശീലനവും യോഗ്യതയും നേടിയിരിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തിയ ശേഷമേ കടലിൽ ഇറങ്ങാവൂ. ഡൈവിംഗിന് മുൻപായി കാലാവസ്ഥ, തിരമാലകളുടെ അവസ്ഥ, കടലൊഴുക്ക് എന്നിവ പരിശോധിക്കുകയും കൃത്യമായ പ്ലാനിംഗ് നടത്തുകയും വേണം. ഡൈവിംഗ് നടത്തുന്ന സ്ഥലം, സമയം, തിരിച്ചെത്തുന്ന സമയം എന്നിവ സമീപത്തെ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കേണ്ടത് അത്യാവശ്യമാണ്.
ഡൈവിംഗ് ഉപകരണങ്ങളും ശ്വസനോപകരണങ്ങളും കൃത്യമായി പരിശോധിക്കണം. സിലിണ്ടറിലെ എയർ ലെവലും കണക്ഷനുകളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും ഉപകരണങ്ങൾ കൃത്യമായി പരിപാലിക്കുകയും വേണം. വെള്ളത്തിലിറങ്ങുന്നതിന് മുൻപ് ഡൈവ് ഗൈഡുമായി ആശയവിനിമയം നടത്തുകയും കമ്മ്യൂണിക്കേഷൻ പ്രോട്ടോകോൾ ഉറപ്പാക്കുകയും ചെയ്യണം. ഒറ്റയ്ക്ക് ഡൈവിംഗ് നടത്തുന്നത് ഒഴിവാക്കണമെന്നും കൂടെയുള്ളവരുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും കോസ്റ്റ് ഗാർഡ് നിർദ്ദേശിക്കുന്നു.
ഡൈവിംഗിന് ശേഷം ആവശ്യത്തിന് വെള്ളം കുടിക്കാനും ആരോഗ്യസ്ഥിതി നിരീക്ഷിക്കാനും ശ്രദ്ധിക്കണം. തലകറക്കം, ശ്വാസതടസ്സം അല്ലെങ്കിൽ മറ്റ് അസാധാരണ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. കടലിലെ അടിയന്തര സാഹചര്യങ്ങളിൽ കോസ്റ്റ് ഗാർഡിന്റെ '994' എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
fgdfg

