പ്രവർത്തനരഹിതമായ 45 സംഘടനകൾ പിരിച്ചുവിട്ട് ബഹ്‌റൈൻ; പ്രമുഖ പ്രവാസി കൂട്ടായ്മകളും പട്ടികയിൽ
പ്രദീപ് പുറവങ്കര
മനാമ: അഞ്ച് വർഷത്തിലധികമായി യാതൊരുവിധ പ്രവർത്തനങ്ങളും നടത്താതെ കഴിയുന്ന 45 സിവിൽ സൊസൈറ്റി സംഘടനകളെയും ക്ലബ്ബുകളെയും നിർബന്ധിതമായി പിരിച്ചുവിട്ട് ബഹ്‌റൈൻ സർക്കാർ. പ്രവാസി സാംസ്‌കാരിക കൂട്ടായ്മകളും പ്രാദേശിക സൊസൈറ്റികളും ഉൾപ്പെടെയുള്ളവയ്ക്കെതിരെയാണ് സാമൂഹിക വികസന മന്ത്രാലയത്തിന്റെ അഭൂതപൂർവ്വമായ നടപടി.
സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി പുറപ്പെടുവിച്ച 2026-ലെ 57-ാം നമ്പർ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിലവിൽ വന്നു. സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ് സപ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് സെപ്റ്റംബർ 13-ന് സമർപ്പിച്ച മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ്, നിയമങ്ങളും സ്വന്തം ഭരണഘടനയും ലംഘിച്ച് പ്രവർത്തിക്കാതിരുന്ന സംഘടനകൾക്കെതിരെ നടപടിയെടുത്തത്.
ഇന്ത്യൻ സൊസൈറ്റി, മലേഷ്യൻ ക്ലബ്ബ്, ലെബനീസ് ക്ലബ്ബ്, ടർക്കിഷ് സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, ബംഗ്ലാദേശ് സമാജ് സൊസൈറ്റി ഉൾപ്പെടെയുള്ള പ്രമുഖ പ്രവാസി സംഘടനകളും നടപടി നേരിട്ടവയിൽ ഉൾപ്പെടുന്നു. കൂടാതെ ബഹ്‌റൈൻ എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് സൊസൈറ്റി, ബഹ്‌റൈൻ ഇൻഷുറൻസ് വർക്കേഴ്‌സ് അസോസിയേഷൻ തുടങ്ങിയ പ്രൊഫഷണൽ ബോഡികളും ബൂ മഹർ ചാരിറ്റി അസോസിയേഷൻ, സിത്ര സോഷ്യൽ സൊസൈറ്റി, മുഹറഖ് സൊസൈറ്റി ഫോർ റിട്ടയറീസ് തുടങ്ങിയ പ്രാദേശിക ചാരിറ്റബിൾ കൂട്ടായ്മകളും പട്ടികയിലുണ്ട്.
1989-ലെ 21-ാം നമ്പർ ഉത്തരവ് നിയമത്തിലെ ആർട്ടിക്കിൾ 50, ക്ലോസ് 4 പ്രകാരമാണ് നിർബന്ധിത പിരിച്ചുവിടൽ. പിരിച്ചുവിട്ട സംഘടനകളുടെ സാമ്പത്തിക ഇടപാടുകളും പ്രവർത്തനങ്ങളും പൂർണ്ണമായും വിലക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ, ഫണ്ടുകൾ, രേഖകൾ എന്നിവ മന്ത്രാലയത്തിന് കൈമാറണം. 18 മാസത്തിനകം ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കി മിച്ചം വരുന്ന തുക സിവിൽ സോഷ്യൽ വർക്ക് ഫണ്ടിലേക്ക് മാറ്റുമെന്നും മന്ത്രാലയം വ്യക്തമാക്കി.
dfdfsdfs

