ദേവികയ്ക്ക് നീതി ഉറപ്പാക്കുക, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ഉറപ്പു വരുത്തുക: കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി

മനാമ: ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്ത മലപ്പുറം വളാഞ്ചേരി സ്വദേശിനി ദേവികയ്ക്കു നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്ത്. കൂടാതെ പാവപ്പെട്ടവർക്ക് ഓൺലൈൻ ക്ലാസ് ഉറപ്പു വരുത്തണമെന്നും കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഏകദേശം രണ്ടരലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ടിവിയോ സ്മാർട്ഫോണോ ഇല്ല എന്ന റിപ്പോർട്ട് വന്നതിനു ശേഷവും വേണ്ടത്ര സജ്ജീകരണങ്ങൾ ഒരുക്കാതെ ഓൺലൈൻ ക്ലാസ് തുടങ്ങിയത് കൊണ്ട് നിരവധി വിദ്യാർത്ഥികളാണ് നിലവിൽ മാനസിക സംഘർഷം അനുഭവിക്കുന്നത്.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ ക്ലാസ്സുകളെ കുറിച്ച് മതിയായ ബോധവൽക്കരണം നൽകാതെയും വേണ്ടത്ര സൗകര്യങ്ങൾ വിദ്യാർഥികൾക്കു ഉണ്ട് എന്ന് ഉറപ്പു വരുത്താതെയും കേരള സർക്കാർ നടത്തിയ എടുത്തു ചാട്ടത്തിന്റെ പരിണിത ഫലമാണ് വളരെ മിടുക്കിയായ പാവപ്പെട്ട ഒരു വിദ്യാർത്ഥിനിയുടെ ദാരുണാന്ത്യത്തിൽ കലാശിച്ചത് എന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം മതിയായ സജ്ജീകരങ്ങൾ ഒരുക്കിയതിന് ശേഷം ഓൺലൈൻ ക്ലാസുകൾ പുനഃരാരംഭിക്കുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം ഡി.ഡി ഇ ഓഫീസിലേക്ക് മാർച്ച് നടത്തിയ എം.എസ്.എഫ് സംസ്ഥാന, ജില്ലാ നേതാക്കളെയും, പ്രവർത്തകരെയും ക്രൂരമായി മർദ്ധിച്ച പിണറായി പോലീസ് നടപടിയെ കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുകയും ചെയ്തു.
ഇനിയെങ്കിലും പിണറായി സർക്കാർ കൊറോണ കാലഘട്ടത്തിൽ ബദൽ വിദ്യാഭ്യാസ മാർഗ്ഗങ്ങൾ നടപ്പിലാക്കുന്പോൾ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കാനുള്ള വേണ്ടത്ര ഡിജിറ്റൽ സൗകര്യം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ട് പോകണമെന്നും അല്ലാതെ വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്‌ദിക്കുന്ന എം.എസ്.എഫ് പോലുള്ള സംഘടനകളെ അടിച്ചമർത്താനാണ് ഭാവമെങ്കിൽ ഇടതുപക്ഷ സർക്കാർ കനത്ത വില നൽകേണ്ടി വരുമെന്നും കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.