സൈനിക താവളങ്ങൾ പങ്കുവെക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ കരാറായി

ന്യൂഡൽഹി: സൈനിക താവളങ്ങൾ പങ്കുവെക്കാനുള്ള കരാറിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ നടന്ന വിർച്വൽ കൂടിക്കാഴ്ചക്കിടെയാണ് കരാർ ഒപ്പുവെച്ചത്.
കരാര് പ്രകാരം ഇരുരാജ്യങ്ങളുടെയും സേനകൾക്ക് രണ്ട് രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള സൈനിക താവളങ്ങൾ ഉപയോഗിക്കാം. യുദ്ധക്കപ്പലുകൾക്കും യുദ്ധ വിമാനങ്ങൾക്കും സേനാ താവളങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ഇതുവഴി സാധിക്കും. നേരത്തെ അമേരിക്കയുമായി സമാനമായ കരാർ വർഷങ്ങൾക്ക് മുന്പ് ഇന്ത്യ ഒപ്പുവെച്ചിരുന്നു.