കോവിഡ് ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ ഫുഡ് കിറ്റുകളുടെ വിതരണം തുടരുന്നു
മനാമ: കോവിഡ് 19ന്റെ പ്രത്യാഘാതങ്ങളെ നേരിടാനായി ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ ഫുഡ് കിറ്റുകളുടെ വിതരണം നടന്നുവരുകയാണ്. ബഹ്റൈൻ കേരളീയ സമാജം, കെഎംസിസി തുടങ്ങിയ വിവിധ ഇന്ത്യൻ കൂട്ടായ്മകൾ മുഖേനയും നേരിട്ടുമാണ് ഇവ വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളിലും വിതരണം തുടരുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.
അതേസമയം ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അംഗങ്ങൾ തയ്യാറാക്കിയ അറുന്നൂറോളം ഫേസ് മാസ്കുകൾ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന് കൈമാറി. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് റീന ശ്രീധർ, വൈസ് പ്രസിഡണ്ട് ശാരദ അജിത്ത് എന്നിവരാണ് ഐസിആർഎഫ് ചെയർമാൻ അരുൾ ദാസിന് മാസ്കുകൾ കൈമാറിയത്.

