കോവിഡ് രണ്ടാം ഘട്ട സഹായപ്രവർത്തനങ്ങൾ ആരംഭിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
മനാമ: നിലവിലെ നിയന്ത്രണങ്ങൾ കാരണം പ്രയാസമനുഭവിക്കുന്നവർക്കായി കഴിഞ്ഞ ഒരു മാസമായി ഒന്നാം ഘട്ട ഡ്രൈ ഫുഡ് വിതരണം നടത്തിയ കൊല്ലം പ്രവാസി അസോസിയേഷൻ രണ്ടാം ഘട്ട സഹായപ്രവർത്തനങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. റമദാൻ മാസമായത് കൊണ്ട് കൂടുതലും ലേബർ ക്യാന്പുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ആണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബുസൈത്തീനിലെ ലേബർ ക്യാന്പിൽ ഡ്രൈ റേഷൻ നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രയാസമനുഭവിക്കുന്ന ഇരുനൂറിലധികം പ്രവാസികൾക്ക് സഹായം എത്തിക്കാൻ കഴിഞ്ഞതായും തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലെ പ്രയാസമനുഭവിക്കുന്നവർക്കുള്ള ഭക്ഷണ സാധനങ്ങളുടെ വിതരണം ഉണ്ടാകുമെന്നു പ്രസിഡന്റ് നിസാർ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. നിലവിൽ ബഹ്‌റൈനിലെ പത്ത് ഏരിയ കേന്ദ്രീകരിച്ചു കൊല്ലം പ്രവാസി അസോസിയേഷന്റെ ഏരിയ കമ്മിറ്റികൾ വഴിയാണ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

