ഇന്ത്യൻ സ്‌കൂൾ ഹരിതാഭമാക്കാൻ നേച്ചർ ക്ലബ്
മനാമ: പ്രകൃതിസ്നേഹത്തിന്റെ സന്ദേശവുമായി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) നേച്ചർ ക്ലബ് ഹരിതവൽക്കരണ ദൗത്യത്തിനു തുടക്കമിട്ടു. ഈസ ടൗൺ കാമ്പസിലാണ് പരിപാടി നടന്നത്. നേച്ചർ ക്ലബ് അംഗങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കാമ്പസിൽ ചെടികൾ നട്ടുനനച്ചു. വിദ്യാർത്ഥികളും അധ്യാപകരും ആവേശപൂർവം കാമ്പസ് ഹരിതവൽക്കരണ ദൗത്യത്തിൽ പങ്കാളികളായി. പ്രകൃതിയുടെ സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി സൗഹാർദ്ദ കാമ്പസിനോടുള്ള സ്നേഹം വളർത്തുന്നതിനെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2015 ൽ ഇന്ത്യൻ സ്‌കൂൾ നേച്ചർ ക്ലബ് സ്ഥാപിതമായത്. ഹരിതാഭമായ ബഹ്‌റൈൻ, ഹരിതാഭമായ സ്‌കൂൾ എന്ന ആശയവുമായാണ് ക്ലബ് പ്രവർത്തിക്കുന്നത്. പൂന്തോട്ട പരിപാലനം, ബൊട്ടാണിക്കൽ ഫീൽഡ് ട്രിപ്പ്, പ്രകൃതി സംരക്ഷണം എന്നിവ ക്ലബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. നാലാം ക്ലാസ് മുതൽ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 60 ഓളം അംഗങ്ങളാണ് ഇന്ത്യൻ സ്ക്കൂൾ നേച്ചർ ക്ലബ്ബിൽ ഉള്ളത് . കാർഷിക ഫാമുകൾ, വന്യജീവി സംരക്ഷണ കേന്ദ്രം, ഒട്ടക ഫാം എന്നിവ സന്ദർശിക്കുക, പരിസ്ഥിതി ആശങ്കകളെക്കുറിച്ചുള്ള സെമിനാറുകൾ സംഘടിപ്പിക്കുക, ക്വിസ് ക്ലബുമായി സഹകരിച്ച് വിവിധ മത്സരങ്ങൾ നടത്തുക എന്നിവ നേച്ചർ ക്ലബ്ബിന്റെ ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നു. ക്ലാസ് മുറികൾക്ക് അപ്പുറത്തേക്ക് പഠനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ പ്രകൃതി ക്ലബ് അംഗങ്ങൾക്കായി പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾക്കായി പ്രത്യേക സ്ഥലം നീക്കിവച്ചിട്ടുണ്ട്. അധ്യാപകർക്ക് വിവിധ സസ്യ തരങ്ങളെക്കുറിച്ചും അവയുടെ പരിപാലനത്തെ കുറിച്ചും വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനുള്ള മികച്ച അവസരവും ഈ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നു.
നേച്ചർ ക്ലബ് സംഘടിപ്പിച്ച ഹരിത വൽക്കരണ ദൗത്യം വൻ വിജയമാക്കാൻ സജീവമായി പങ്കെടുത്ത ക്ലബ് അംഗങ്ങളെയും അധ്യാപകരെയും ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് ചുമതലയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
ഇന്ത്യൻ സ്‌കൂൾ ഹരിതാഭമാക്കാൻ നേച്ചർ ക്ലബ്
ഇന്ത്യൻ സ്‌കൂൾ ഹരിതാഭമാക്കാൻ നേച്ചർ ക്ലബ്
ഇന്ത്യൻ സ്‌കൂൾ ഹരിതാഭമാക്കാൻ നേച്ചർ ക്ലബ്

