തംകീനിൽ നിന്ന് 15,000 ദിനാറിലധികം തട്ടിപ്പ് നടത്തിയ ബഹ്റൈനി യുവാവിന് 10 വർഷം തടവും പിഴയും
പ്രദീപ് പുറവങ്കര
മനാമ: വ്യാജ ജീവനക്കാരെയും വ്യാജ തൊഴിൽ കരാറുകളും നിർമ്മിച്ച് സർക്കാരിന്റെ വേതന സഹായ പദ്ധതിയിൽ നിന്ന് 15,825 ബഹ്റൈനി ദിനാർ തട്ടിയെടുത്ത കേസിൽ 27-കാരനായ ബഹ്റൈനി മാർക്കറ്റിംഗ് ടെക്നീഷ്യന് 10 വർഷം കഠിനതടവ്. ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയാണ് പ്രതിക്ക് തടവുശിക്ഷയ്ക്ക് പുറമെ 10,000 ബഹ്റൈനി ദിനാർ പിഴയും വിധിച്ചത്. തട്ടിപ്പിനായി നിർമ്മിച്ച എല്ലാ വ്യാജ രേഖകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
2023-നും 2025-നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ പൂർണ്ണ നിയന്ത്രണവും നടത്തിപ്പും ഉടമ പ്രതിയെ വിശ്വസിച്ച് ഏൽപ്പിക്കുകയായിരുന്നു. ഇത് മുതലെടുത്ത് പ്രതി, സ്ഥാപനത്തിൽ ജോലി ചെയ്യുകയോ യാതൊരു ചുമതലകളും നിർവ്വഹിക്കുകയോ ചെയ്യാത്ത മൂന്ന് ബഹ്റൈൻ പൗരന്മാരെ കമ്പനിയിലെ ജീവനക്കാരായി വ്യാജമായി രജിസ്റ്റർ ചെയ്തു. ഈ തട്ടിപ്പിന് നിയമപരമായ സാധുത തോന്നിപ്പിക്കുന്നതിനായി, ഒരു അജ്ഞാത വ്യക്തിയുമായി ഗൂഢാലോചന നടത്തി വ്യാജ ശമ്പള വിവരങ്ങളും തസ്തികകളും ഉൾപ്പെടുത്തിയ തൊഴിൽ കരാറുകൾ നിർമ്മിക്കുകയായിരുന്നു.
തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള 'തംകീൻ' (Tamkeen) ഇൻസ്പെക്ഷൻ വിഭാഗം കമ്പനിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. സ്ഥാപനം കടലാസിൽ മാത്രമുള്ളതാണെന്നും രജിസ്റ്റർ ചെയ്ത ബഹ്റൈനി ജീവനക്കാരിലാരും ഇവിടെ ജോലി ചെയ്യുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
cdsddsadss

