ഡ്രോണുകളുടെ ദുരുപയോഗത്തിന് വധശിക്ഷയും ജീവപര്യന്തവും; ബഹ്‌റൈനിൽ പുതിയ നിയമവുമായി ശൂറ കൗൺസിൽ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്ത് ഡ്രോണുകളുടെ (ആളില്ലാ വിമാനങ്ങൾ) അനധികൃത ഉപയോഗവും സുരക്ഷാ ലംഘനങ്ങളും തടയുന്നതിനായി കർശന വ്യവസ്ഥകളുമായി പുതിയ നിയമഭേദഗതി. ഡ്രോൺ ഉപയോഗിച്ച് മറ്റുള്ളവരെ നിരീക്ഷിക്കുകയോ അനുമതിയില്ലാതെ നിരോധിത പ്രദേശങ്ങൾ ചിത്രീകരിക്കുകയോ ചെയ്താൽ 5 വർഷം വരെ തടവും 5,000 ബഹ്‌റൈനി ദിനാർ പിഴയും ലഭിക്കാവുന്നതാണ്. ഷൂറ കൗൺസിലിന് സമർപ്പിച്ച പുതിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഭീകരാക്രമണങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കുന്നവർക്ക് ജീവപര്യന്തമോ, ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കിൽ വധശിക്ഷയോ ലഭിക്കും. കൂടാതെ, ഡ്രോണുകൾ ഹൈജാക്ക് ചെയ്യുക, ഫ്ലൈറ്റ് സിസ്റ്റങ്ങൾ ഹാക്ക് ചെയ്യുക, ആയുധങ്ങൾ ഘടിപ്പിക്കുക, മറ്റ് വിമാനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 7 വർഷത്തെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

2013 ലെ ബഹ്‌റൈൻ വ്യോമയാന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2026-ലെ 41-ാം നമ്പർ ഡിക്രി-ലോ പ്രകാരമാണ് പുതിയ ഉത്തരവ്. ഡ്രോണുകളുടെ ഉടമസ്ഥത, വിൽപ്പന, ഇറക്കുമതി, അറ്റകുറ്റപ്പണി, ചിത്രീകരണം, ഫ്ലൈറ്റ് ട്രെയിനിങ് എന്നിവയ്ക്കായി പുതിയ പെർമിറ്റ് സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് തടവും 3,000 ദിനാർ വരെ പിഴയും ചുമത്തും.

അനധികൃത ഡ്രോണുകളെയും വ്യോമപാത ലംഘനങ്ങളെയും നേരിടാൻ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, വ്യോമയാന അധികാരികൾ എന്നിവർക്ക് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. കൂടാതെ, വ്യോമയാന സുരക്ഷ, എയർലൈൻ മേൽനോട്ടം, വിമാനത്താവളങ്ങൾ, ഫ്ലൈറ്റ് പെർമിറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി പുതിയൊരു 'സിവിൽ ഏവിയേഷൻ അതോറിറ്റി' നിലവിൽ വരും. മന്ത്രിതല മേൽനോട്ടത്തിൽ സാമ്പത്തിക-ഭരണപരമായ സ്വാതന്ത്ര്യത്തോടെയായിരിക്കും ഇത് പ്രവർത്തിക്കുക.

വിമാനാപകടങ്ങളും ഗുരുതരമായ സംഭവങ്ങളും അന്വേഷിക്കുന്നതിനായി മന്ത്രിസഭയ്ക്ക് കീഴിൽ പ്രത്യേകമായി 'എയർക്രാഫ്റ്റ് ആക്‌സിഡന്റ്സ് ആൻഡ് ഇൻസിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്' രൂപീകരിക്കും. അപകടസ്ഥലങ്ങൾ സന്ദർശിക്കാനും, അവശിഷ്ടങ്ങൾ പരിശോധിക്കാനും, ഫ്ലൈറ്റ് റെക്കോർഡുകൾ പരിശോധിക്കാനും, സാക്ഷികളെ വിസ്തരിക്കാനുമുള്ള പൂർണ്ണ അധികാരം ഈ ഓഫീസിനായിരിക്കും.

#BahrainNews #DroneLaws #ShuraCouncil #4PMNews

article-image

dfsdfsdsfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed