കെ.പി.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അരുൺ പ്രകാശിന് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മികച്ച സംഘടനാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥ സേവനങ്ങൾക്കും ആദരമായി എക്സിക്യൂട്ടീവ് കമ്മിറ്റി സ്നേഹോപഹാരം സമ്മാനിച്ചു
മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ ജനറൽ സെക്രട്ടറി അരുൺ പ്രകാശിന് സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. കെ.പി.എഫിന്റെ വളർച്ചയിലും ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെ സഹപ്രവർത്തകർ ചടങ്ങിൽ അനുസ്മരിച്ചു.
2025–2026 കാലയളവിലെ കെ.പി.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുൺ പ്രകാശിന് സ്നേഹാദരസൂചകമായി മൊമെന്റോ സമ്മാനിച്ചു. സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങൾക്കിടയിലെ ഐക്യത്തിനും വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനും അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകളെ കമ്മിറ്റി അഭിനന്ദിച്ചു.
കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത് അരുൺ പ്രകാശിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. ഉത്തരവാദിത്തബോധത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിച്ച മികച്ച സംഘാടകനായിരുന്നു ഇദ്ദേഹമെന്നും, പ്രവാസി സമൂഹത്തിന് സഹായഹസ്തം നീട്ടുന്നതിൽ നൽകിയ പിന്തുണ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആക്ടിംഗ് ജനറൽ സെക്രട്ടറി രമ സന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. നാട്ടിലേക്ക് മടങ്ങിയാലും അരുൺ പ്രകാശ് കെ.പി.എഫ് കുടുംബത്തിന്റെ പ്രിയപ്പെട്ട അംഗമായി തുടരുമെന്ന് അറിയിച്ച ഭാരവാഹികൾ, അദ്ദേഹത്തിനും കുടുംബത്തിനും ഭാവി മംഗളങ്ങൾ ആശംസിച്ചു.
sdfrsdf

