വിദേശ താമസക്കാർക്കായുള്ള ആരോഗ്യ സേവനങ്ങളുടെ പുതിയ നിരക്ക് പട്ടിക ഒക്ടോബർ 31 മുതൽ നടപ്പാക്കുമെന്ന് ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ റെസിഡൻഡസി പെർമിറ്റുള്ള വിദേശികൾക്ക് സർക്കാർ ആശുപത്രികളിൽ നിന്ന് ലഭ്യമാകുന്ന ആരോഗ്യ സേവനങ്ങളുടെ പുതുക്കിയ നിരക്ക് പട്ടിക ഒക്ടോബർ 31 മുതൽ ഔദ്യോഗികമായി നിലവിൽ വരും. റസിഡന്റ് പെർമിറ്റുള്ളവർക്കും, പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് വിഭാഗങ്ങൾക്കും മാത്രമാണ് ഈ പുതിയ നിരക്ക് പട്ടിക ബാധകമാകുന്നത്. എന്നാൽ ഗാർഹിക തൊഴിലാളികൾ, സർക്കാർ ജീവനക്കാരായ റസിഡന്റുകൾ, അവരുടെ ആശ്രിതർ എന്നിവർക്ക് ഈ മാറ്റം ബാധകമല്ല. കൂടാതെ, ബഹ്‌റൈൻ പൗരന്മാർക്കുള്ള ആരോഗ്യ സേവനങ്ങളിൽ യാതൊരുവിധ മാറ്റവുമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ സേവനങ്ങളുടെ ചെലവ് കണക്കാക്കുന്നതിൽ ഏകീകൃത സ്വഭാവം കൊണ്ടുവരാനും ബില്ലിംഗ്, ഇൻഷുറൻസ് ക്ലെയിം നടപടികൾ കൂടുതൽ സുഗമമാക്കാനുമാണ് പുതിയ നിരക്ക് പട്ടിക ലക്ഷ്യമിടുന്നതെന്ന് സർക്കാർ ആശുപത്രികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മരിയം അൽ ജലാൽഹ വ്യക്തമാക്കി. ആരോഗ്യ സേവന ദാതാക്കളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനോടൊപ്പം രോഗികളുടെ പരിചരണത്തിലുള്ള ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
മെഡിക്കൽ കോഡിങ്, ആരോഗ്യ രേഖകൾ എന്നിവയിലെ പുരോഗതി, ഇലക്ട്രോണിക് സംവിധാനങ്ങളുടെ നവീകരണം, ജീവനക്കാർക്കുള്ള പരിശീലനം എന്നിവയെല്ലാം പുതിയ നിരക്ക് പട്ടിക നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷയുള്ള റസിഡന്റുകൾക്ക് അവരുടെ അംഗീകൃത ആനുകൂല്യ പാക്കേജുകൾക്കും ഇൻഷുറൻസ് പരിധിക്കും അനുസൃതമായി തുടർന്നും ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതായിരിക്കും. ആരോഗ്യ സേവനങ്ങൾ, നിരക്കുകൾ, മറ്റ് വിവരങ്ങൾ എന്നിവ ഔദ്യോഗിക മാധ്യമങ്ങൾ വഴി പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നതാണ്.
rtdgr

