കർണാടക വോട്ടർപട്ടിക പരിഷ്കരണം; സ്വയം മരിച്ചതായി പ്രഖ്യാപിച്ച് 37 പേരും, പരസ്പരം മരിച്ചതായി പ്രഖ്യാപിച്ച് 334 ജോഡികളും
ഷീബ വിജയൻ
കർണാടകയിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനിടയിൽ (എസ്.ഐ.ആർ) വിചിത്രവും ഞെട്ടിക്കുന്നതുമായ ക്രമക്കേടുകളാണ് പുറത്തുവന്നിരിക്കുന്നത്. മരിച്ചവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഫോം 7 പ്രകാരം 37 പേർ സ്വയം അപേക്ഷ നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും, സ്വയം മരിച്ചതായി സാക്ഷ്യപ്പെടുത്തിയാണ് ഇവർ ഈ ഫോം നൽകിയിരിക്കുന്നത്.
ഇതിനു പുറമേ, കർണാടകയിലെ 25-ലധികം ജില്ലകളിലായി 334 ജോഡികൾ പരസ്പരം മരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തിയും അപേക്ഷ നൽകിയിട്ടുണ്ട്. എസ്.ഐ.ആറിൽ വോട്ട് വെട്ടാനായി ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണങ്ങളിലേക്കാണ് ഈ വിചിത്ര സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർക്കെതിരെ എതിർപ്പറിയിക്കാനും മരണം, താമസം മാറൽ, ഇരട്ടവോട്ട് തുടങ്ങിയ കാരണങ്ങളാൽ പേരുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാനും ഉപയോഗിക്കുന്നതാണ് ഈ ഫോം 7. എന്നാൽ, സ്വന്തം പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതും പരസ്പരം മരിച്ചതായി രേഖപ്പെടുത്തിയതും അപേക്ഷകളുടെ പരിശോധനാ നടപടികളിലും സുതാര്യതയിലും വലിയ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. ഒരാൾ മരിച്ചതായി മറ്റൊരാളും, മറ്റേയാൾ മരിച്ചതായി ആദ്യത്തേയാളുമാണ് സാക്ഷ്യപ്പെടുത്തുന്നത്.
ബെളഗാവിയിലാണ് ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്, അതായത് 160 കേസുകൾ. കലബുറഗിയിൽ 80 കേസുകളുമുണ്ട്. പരസ്പരം മരിച്ചതായി രേഖപ്പെടുത്തിയ അപേക്ഷകളിൽ 333 എണ്ണവും ജൂൺ മാസത്തിലാണ് സമർപ്പിച്ചത്. ചില സംഭവങ്ങളിൽ സോഫ്റ്റ്വെയറിലെ പിഴവുകളോ വോട്ടർപട്ടികയിലെ വിവരങ്ങൾ രേഖപ്പെടുത്തിയതിലെ തെറ്റുകളോ കാരണമായിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം. എന്നാൽ, അപേക്ഷകളെല്ലാം പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമേ അംഗീകരിക്കൂ എന്നതിനാൽ ഇത്തരം ക്രമക്കേടുകൾ എങ്ങനെ സംഭവിച്ചു എന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. ഫോം 7 സമർപ്പിച്ചാൽ മാത്രം ഒരാളുടെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുകയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തുകയും പരാതിയുള്ള വോട്ടർക്ക് നോട്ടീസ് നൽകി വിശദീകരണത്തിന് അവസരം നൽകുകയും വേണം. വ്യാജവിവരങ്ങൾ മനഃപൂർവം നൽകിയിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാനും നിലവിൽ വ്യവസ്ഥയുണ്ട്.
fgvfdsdfsdfs

