സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നവീകരണത്തിന് തുടക്കം; നാല് വർഷം നീളുന്ന സമഗ്രമായ ഓവർഹാൾ പ്രോജക്റ്റിന് അനുമതി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ പൊതു ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് (SMC) സമഗ്രമായ നവീകരണത്തിനൊരുങ്ങുന്നു. പഴകിയ അടിസ്ഥാന സൗകര്യങ്ങൾ, വാർഡുകൾ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ എന്നിവ പുതുക്കിപ്പണിയുന്നതിനൊപ്പം 48 പുതിയ ക്രിട്ടിക്കൽ കെയർ കിടക്കകൾ കൂടി സജ്ജീകരിക്കുന്ന ബൃഹത്തായ പദ്ധതിക്കാണ് അധികൃതർ രൂപം നൽകിയിരിക്കുന്നത്. കാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ് യോഗത്തിൽ ഗവൺമെന്റ് ഹോസ്പിറ്റൽസ് ഓപ്പറേഷൻസ് ഡയറക്ടർ ഡോ. നൂർ ദെഫ് ആണ് ഈ പ്രഖ്യാപനം നടത്തിയത്.
2027-ൽ ഘട്ടം ഘട്ടമായി ആരംഭിക്കുന്ന പദ്ധതിയിലൂടെ എയർകണ്ടീഷനിംഗ്, വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ മുതൽ രോഗികൾക്കുള്ള സൗകര്യങ്ങൾ വരെ നവീകരിക്കും. രണ്ട് വർഷം നീളുന്ന ആദ്യ ഘട്ടത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനും, രണ്ടാം ഘട്ടത്തിൽ മെഡിക്കൽ വാർഡുകളുടെ നവീകരണത്തിനുമാണ് മുൻഗണന നൽകുന്നത്. ഒപ്പം, 1959-ൽ നിർമ്മിച്ച പഴയ പ്രസവ വാർഡായ നോർത്തേൺ ഹാളിന്റെ തനിമ നിലനിർത്തിക്കൊണ്ട് ചരിത്രസ്മാരകമായി സംരക്ഷിക്കുമെന്നും, ബഹ്റൈൻ ആരോഗ്യമേഖലയുടെ ചരിത്രം വിളിച്ചോതുന്ന ഒരു മെഡിക്കൽ മ്യൂസിയം ഇവിടെ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് മഹാമാരി നൽകിയ പാഠങ്ങളുടെ അടിസ്ഥാനത്തിലാണ് സൽമാനിയയിൽ 48 പുതിയ ക്രിട്ടിക്കൽ കെയർ കിടക്കകൾ ഉൾപ്പെടുത്തുന്നത്. ഇതിനായി നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളും നാല് വിംഗുകളും ഐ.സി.യു സൗകര്യങ്ങളാക്കി മാറ്റും. 2027 രണ്ടാം പാതിയോടെ നിർമ്മാണം ആരംഭിച്ച് 2028-ഓടെ പുതിയ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും. നാഷണൽ ഹെൽത്ത് ഇൻഷുറൻസ് സംവിധാനം നടപ്പിലാകുന്നതോടെ സൽമാനിയ ആശുപത്രിയിലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ംെമംെംെംെ

