നെടുമ്പാശേരി വാഹനാപകടം: സുഹൈലിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
ഷീബ വിജയൻ
മൂന്ന് യുവതി യുവാക്കളുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടത്തിൽ, കാറിന്റെ ആർസി ഉടമയും കേസിലെ പ്രതിയുമായ സുഹൈൽ സജീവിന്റെ അമ്മ നൂഹ സജീവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. പിറന്നാൾ സമ്മാനമായാണ് സുഹൈലിന് ഈ മിനി കൂപ്പർ വാഹനം വാങ്ങി നൽകിയിരുന്നത് എന്നതിനാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞേക്കും.
അപകടത്തിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടതെന്നും മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദന വാക്കുകൾക്ക് അതീതമാണെന്നും വ്യക്തമാക്കി നൂഹ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് തങ്ങളാൽ ആകുന്ന എല്ലാവിധ പിന്തുണയും നൽകുമെന്നും കേസിൽ നീതിപൂർവമായ അന്വേഷണം നടക്കട്ടെയെന്നും പറഞ്ഞ അവർ, സംഭവവുമായി ബന്ധപ്പെട്ട് പലവിധ അസത്യങ്ങളും പ്രചരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ 11-നാണ് നാടിനെ ഞെട്ടിച്ച ഈ അപകടം നടന്നത്. സുഹൈൽ ഓടിച്ച അതിവേഗ കാർ സ്കൂട്ടറിൽ ഇടിച്ചതിനെത്തുടർന്ന് കർണാടക സുള്ള്യ സ്വദേശി ഇയാസ്, വയനാട് കൽപറ്റ സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക എന്നിവർ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന സുഹൈൽ സജീവ്, ഒപ്പമുണ്ടായിരുന്ന സഹയാത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. അപകടം നടക്കുമ്പോൾ സുഹൈൽ മദ്യപിച്ചിരുന്നതായി രക്തപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കാറിലെ ഇവന്റ് ഡാറ്റാ റെക്കോർഡർ പരിശോധനയുടെ ഫലം പുറത്തുവരുന്നതോടെ വാഹനം എത്ര വേഗതയിലാണ് പായിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
asadsadsds

