ബഹ്‌റൈനിൽ വാണിജ്യ രജിസ്‌ട്രേഷൻ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ; വ്യാജ വിവരങ്ങൾ നൽകിയാൽ 2,500 ദിനാർ വരെ പിഴ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ വാണിജ്യ രജിസ്‌ട്രേഷൻ നിയമങ്ങളും ലൈസൻസിംഗ് നിബന്ധനകളും ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 2,500 ബഹ്‌റൈൻ ദിനാർ വരെ ഭരണപരമായ പിഴ ചുമത്താൻ ഉത്തരവ്. വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്‌റോ പുറപ്പെടുവിച്ച 2026-ലെ 47-ാം നമ്പർ ഉത്തരവിലാണ് പിഴയും ശിക്ഷാനടപടികളും പ്രഖ്യാപിച്ചത്. ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷം ഭൂരിഭാഗം നിബന്ധനകളും പ്രാബല്യത്തിൽ വരുമെങ്കിലും, ഉടമസ്ഥാവകാശ വിവരങ്ങളുമായി ബന്ധപ്പെട്ട നാല് പ്രധാന നിയമലംഘനങ്ങൾക്കുള്ള ശിക്ഷ ഉടനടി നിലവിൽ വരും.

സ്ഥാപനങ്ങളുടെ ആത്യന്തിക ഗുണഭോക്താക്കളുടെ വിവരങ്ങൾ നൽകാതിരിക്കുക, വിവരങ്ങൾ മറച്ചുവെക്കുക, വ്യാജ വിവരങ്ങൾ നൽകുക, ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പർ ഇല്ലെന്ന് വ്യാജമായി പ്രഖ്യാപിക്കുക എന്നീ ഗുരുതരമായ നിയമലംഘനങ്ങൾക്കാണ് 2,500 ദിനാർ വരെ തൽക്ഷണ പിഴ നിശ്ചയിച്ചിട്ടുള്ളത്.

വാണിജ്യ രജിസ്‌ട്രേഷനില്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുക, സി.ആർ പൂട്ടിമുദ്രവെച്ച ശേഷവും നിയമവിരുദ്ധമായി പ്രവർത്തിക്കുക, പൂട്ടിമുദ്രവെച്ച സ്റ്റിക്കർ നീക്കം ചെയ്യുക എന്നീ ലംഘനങ്ങൾക്കെല്ലാം 500 ദിനാർ വീതം പിഴ ഈടാക്കും. വ്യാജ ലൈസൻസ് നമ്പറുകൾ ഉപയോഗിക്കുന്നതിന് 200 ദിനാറും, ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ വൈകുന്നതിന് 50 ദിനാറുമാണ് പിഴ. കൂടാതെ, സ്ഥാപനത്തിനുള്ളിൽ സി.ആർ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാത്തവർക്ക് 20 ദിനാറും, സി.ആറിൽ രേഖപ്പെടുത്തിയ വിലാസത്തിൽ നിന്നല്ലാതെ മറ്റ് സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ആറ് മാസത്തിന് ശേഷം 50 ദിനാറും പിഴ ചുമത്തും. 2015-ലെ 27-ാം നമ്പർ വാണിജ്യ രജിസ്‌ട്രേഷൻ ഡിക്രി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികൾ.

#4PMNews #BahrainCommerce #CRViolations #BahrainBusiness

article-image

acscddsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed