വോട്ട് ചെയ്യുന്നത് പശുക്കളല്ല: പ്രകാശ് രാജ്
മനാമ: രാജ്യത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് പശുക്കളല്ല എന്ന് അധികാരികൾ മനസ്സിലാക്കണമെന്ന് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രകാശ് രാജ്. രാജ്യത്ത് നിലനിൽക്കുന്ന അസഹിഷ്ണുതയെയും പശുവിന്റെ പേരിലുള്ള അക്രമങ്ങളെയും കുറിച്ച് പരോക്ഷമായി പ്രതികരിക്കുയായിരുന്നു താരം.
"പശു വോട്ട് തരില്ലെന്ന് അധികാരികളെ ബോധ്യപ്പെടുത്താൻ 5 സംസഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിധിക്ക് സാധിച്ചിട്ടുണ്ട്. ഇനി നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും" അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടന വേളയിലാണ് താരം തന്റെ അഭിപ്രായം തുറന്നടിച്ചത്.
ഭരണകർത്താക്കൾക്ക് അപ്രിയമായ സത്യങ്ങൾ തുറന്നു പറയുന്നതിന്റെ പേരിൽ പല കോണുകളിൽ നിന്നും ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, ഒരു സാമൂഹിക ജീവി എന്ന നിലയിൽ അത്തരം അക്രമങ്ങൾ കൂടുതൽ കരുത്തോടെ മുന്നേറാൻ തന്നെ സഹായിച്ചുവെന്ന് പ്രകാശ് രാജ് പറഞ്ഞു.
"അവർ (രാഷ്‌ടീയക്കാർ) ന്യൂനപക്ഷമാണ്. നമ്മളാണ് (ജനങ്ങൾ) ഭൂരിപക്ഷം. യഥാർത്ഥത്തിൽ ഞങ്ങൾക്ക് ഒരു അവസരം തരൂ എന്ന് അവർ നമ്മോട് അപേക്ഷിക്കുകയാണ് ചെയ്യുന്നത്. ആരെ തിരഞ്ഞെടുക്കുന്നു എന്നത് നമ്മളാണ് തീരുമാനിക്കുന്നത്. എന്നാൽ ആ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന അഞ്ചു വർഷക്കാലത്തെ നമ്മുടെ നിലനിൽപ്പിന്റെ ഗതി നിയന്ത്രിക്കും എന്നത് നാം മനസിലാക്കണം" അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു നടന്ന ചർച്ചയിൽ ആണ് താരം തന്റെ മനസ്സ് തുറക്കാൻ തയ്യാറായത്. ചർച്ചയ്ക്കിടയിൽ ചോദ്യങ്ങൾ ആര് ചോദിക്കണം എന്ന് സ്വയം തിരഞ്ഞെടുക്കാൻ തയ്യാറായ അവതാരകനെ "മോഡിയെ പോലെ" പെരുമാറരുത് എന്ന് ശകാരിക്കാനും പ്രകാശ് രാജ് മറന്നില്ല.
ഗൗരി ലങ്കേഷ് തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എന്നും അവരുടെ മരണം തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നും പറഞ്ഞ പ്രകാശ് രാജ് ആ ഒരു സംഭവത്തിന് ശേഷമാണ് നിശബ്ദത വെടിഞ്ഞു സമൂഹത്തിനു വേണ്ടി സംസാരിക്കണം എന്ന തീരുമാനം കൈക്കൊണ്ടത് എന്നും വ്യക്തമാക്കി.
വിദ്യാർത്ഥികൾ രാഷ്ട്രീയ അവോബോധം ഉള്ളവർ ആയിരിക്കണമെന്നും അവരുടെ ചിന്തകളെ നിയന്ത്രിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതണം എന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്ഘാടന വേളയിൽ പ്രകാശ് രാജിൻറെ പുസ്തകത്തിന്റെ മലയാള പരിഭാഷ" നമ്മെ വിഴുങ്ങുന്ന മൗനം "സമാജം വേദിയിൽ പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള പ്രകാശനം ചെയ്തു
ബഹ്റൈന്‍ കേരളീയ സമാജം -ഡി.സി.ബുക്‌സ് ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റ് ആന്‍ഡ് കൾച്ചറൽ കാർണിവൽ മുഖ്യ അഥിതി പ്രശസ്ഥ തെന്നിത്യൻ ചലച്ചിത്ര പ്രവർത്തകനും സാഹിത്യകാരനുമായ പ്രകാശ് രാജ് ഭദ്ര ദീപം കൊളുത്തി ഉദ്ഘടാനം നിർവഹിച്ചു. നബീൽ അൽ അമർ( അൽ അയാം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിംഗ് )
വിശിഷ്ട അഥിതിയായിരുന്നു .സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി എം.പി.രഘു,ഡി.സി.ബുക്സ് പ്രതിനിധി രവി ഡി.സി.ബുക്ക് ഫെസ്റ്റ് കൺവീനർ ഡി.സലിം,സാഹിത്യ വിഭാഗം സെക്രട്ടറി ബിജു.എം.സതീഷ്. സാഹിത്യ വിഭാഗം കൺവീനർ ഷബിനി വാസുദേവ് എന്നിവർ തിരി തെളിയിച്ചു.

