ബി.കെ.എസ്. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം സമാപിച്ചു
മനാമ : പ്രവാസി നാടക പ്രേമികൾക്ക് ആവേശം പകർന്നു കൊണ്ട് മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മയായ ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നരേന്ദ്ര പ്രസാദ് അനുസ്‌മണരണ നാടകോത്സവത്തിന് സമാപനമായി. അഞ്ച് നാടകങ്ങളാണ് ഈ വർഷം രംഗത്ത് അവതരിപ്പിച്ചത്.
കുമാരനാശൻ എഴുതിയ കരുണയെ ആസ്പദമാക്കി പ്രശസ്ത നാടകരചയിതാവ് ആശാമോൻ കൊടുങ്ങല്ലൂർ രചിച്ച സമയമായോ സഖി, ബഹ്‌റൈനിലെ എഴുത്തുകാരൻ ഫിറോസ് തിരുവത്ര രചിച്ച 'ബർസക്ക്', ദാമോദരൻ മേമ്പള്ളി രചന നിർവഹിച്ച വായാടിക്കുന്നു പി.ഓ, ശാന്തകുമാറിന്റെ രചനയിൽ ശവങ്ങൾ പൂക്കുന്നു, ഗിരീഷ് ഗ്രാമികയുടെ രചന നിർവഹിച്ച ഒരു ദേശം നുണ പറയുന്നു എന്നീ നാടകങ്ങളാണ് ഇത്തവണ അവതരിപ്പിക്കപ്പെട്ടത്.
പരിശീലനത്തിനുള്ള സ്‌ഥല പരിമിതിയും കലാകാരന്മാരുടെ സമയക്കുറവും അവതരണ ചിലവുകൾ വഹിക്കാൻ സ്പോൺസർമാരെ ലഭിക്കാത്തതും പല നാടക കലാകാരന്മാർക്കും നാടകങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നുവെങ്കിലും പ്രവാസ ലോകത്തെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് മികച്ച നാടകങ്ങൾ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തെ ശ്രദ്ധേയമാക്കുന്നത്. നിരവധി പുതുമുഖ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും സംവിധായകരും സഹ സംവിധായകരും നാടകങ്ങളിലൂടെ അരങ്ങിലും അണിയറയിലും എത്തി എന്നുള്ളതും ഈ നാടകോത്സവത്തെ വേറിട്ട് നിർത്തുന്നു.
