ബഹ്‌റൈനിൽ ഇനി ഇടിയുടെ നാളുകൾ
മനാമ : ഈ വർഷത്തെ 'ബ്രേവ് ഇന്റർനാഷണൽ കോമ്പാറ്റ് വീക്കിന്' തുടക്കമായി. ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഏറ്റവും വലിയ കായിക പോരാട്ടങ്ങൾക്കാണ് വരും ദിവസങ്ങളിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ ഉദ്ഘാടനം ചെയ്ത 2018 ലെ ഐ.എം.എം.എ.എഫ് വേൾഡ് ചാമ്പ്യൻഷിപ്പിൽ 55 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കും.
യു.എസിനെക്കൂടാതെ ചാമ്പ്യൻഷിപ്പ് നടത്തുന്ന ഏക രാജ്യമാണ് ബഹ്റൈൻ. കഴിഞ്ഞ വർഷം ബഹ്റിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിന്റെ നാലാം എഡിഷനിൽ 51 രാജ്യങ്ങൾ പങ്കെടുത്തിരുന്നു. ചാരിറ്റി വർക്സ് ആൻഡ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും, സുപ്രീം കൌൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് (എസ്.സി.വൈ.എസ്) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡണ്ടുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും സുപ്രീം കൌൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് ഡെപ്യൂട്ടി ചെയർമാനും ബഹ്‌റൈൻ അത്ലറ്റിക് അസോസിയേഷൻ പ്രസിഡണ്ടുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയും വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈനിൽ ബ്രേവ് കോമ്പാറ്റ് വീണ്ടും എത്തിയത് ആവേശം കൊള്ളിക്കുന്നുവെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ ഇത് ഒരു അത്ഭുതകരമായ ഒരു പരിപാടി ആയിരിക്കുമെന്നും ഇന്റർനാഷണൽ മിക്സ്ഡ് മാർഷൽ ആർട്സ് ഫെഡറേഷന്റെ പ്രസിഡന്റ് കെരിത് ബ്രൌൺ പറഞ്ഞു. കായികതാരങ്ങളുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള മത്സരങ്ങൾക്ക് ഞങ്ങൾ കാത്തിരിക്കുകയാണ്. ബഹ്റൈനും മത്സരത്തിൽ മികച്ച അവസരമാണുള്ളത്. കഴിവുള്ള ഒരുപാട് താരങ്ങൾ നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഖാലിദിന്റെ ദർശനം മിക്സ്ഡ് മാർഷൽ ആർട്സിനെ വികസിപ്പിക്കുന്നതിൽ പ്രധാനമാണ്. ബഹ്റൈന് ഈ വർഷം കൂടുതൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് ബഹ്‌റൈൻ ടീമിന്റെ പരിശീലകനായ എഡ്ഡാർ എൽഡറോവ് പറഞ്ഞു. ഫലങ്ങൾ പ്രവചനാതീതമാണ്. പക്ഷെ കഴിഞ്ഞ വർഷത്തെതിനേക്കാളും മെച്ചപ്പെടുമെന്ന് താൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിയായ മൊഹമ്മദ് ബുഹാസയുടെ സ്വപ്ന സാക്ഷാത്കാരത്തിനും ഉദ്ഘാടന ചടങ്ങ് വേദിയായി. ഡൗൺ സിൻഡ്രോമിനെ ചെറുത് തോൽപിച്ച മൊഹമ്മദ് ബുഹാസ, തന്റെ റോൾ മോഡലും ഹീറോയുമായ ഷെയ്ഖ് ഖാലിദുമായി ഏറ്റുമുട്ടി. സൗഹൃദ മത്സരത്തിൽ മുഹമ്മദ് വിജയിച്ചതായി ഷെയ്ഖ് ഖാലിദ് പ്രഖ്യാപിച്ചു. ഉദ്‌ഘാടന ചടങ്ങുകൾ ദേശവ്യാപകമായും ലോകവ്യാപകമായും പ്രക്ഷേപണം ചെയ്തു.



