നിർമ്മാണം മുടങ്ങിയ കെട്ടിടങ്ങൾക്ക് മാസപിഴ; പുതിയ നിർദ്ദേശവുമായി ക്യാപിറ്റൽ മുൻസിപ്പൽ കൗൺസിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ വർഷങ്ങളായി പണിപൂർത്തിയാകാതെ കിടക്കുന്ന കെട്ടിടങ്ങൾക്ക് കനത്ത പിഴ ചുമത്താൻ നീക്കം. ക്യാപിറ്റൽ മുൻസിപ്പൽ കൗൺസിൽ അംഗം ഡോ. ബഷാർ അഹമ്മദി സമർപ്പിച്ച പുതിയ നിർദ്ദേശപ്രകാരം, നിർമ്മാണം മുടങ്ങിയ കെട്ടിട ഉടമകളിൽ നിന്ന് മാസം തോറും ഏകദേശം 500 ബഹ്‌റൈനി ദീനാർ പിഴ ഈടാക്കാനാണ് ആലോചന. രാജ്യത്തിന്റെ നഗരഭംഗി നിലനിർത്തുന്നതിനും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിർമ്മാണ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം.
നിർദ്ദിഷ്ട നിയമപ്രകാരം, നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും നിർമ്മാണം പുനരാരംഭിക്കാത്ത കെട്ടിടങ്ങൾ കർശന നിരീക്ഷണത്തിലായിരിക്കും. ഇത്തരം കെട്ടിട ഉടമകൾക്ക് ആദ്യം ഔദ്യോഗിക അറിയിപ്പ് നൽകും. അനുവദിച്ച സമയത്തിനുള്ളിൽ പണി തുടങ്ങിയില്ലെങ്കിൽ 500 ദീനാർ മുതൽ പിഴ ഈടാക്കി തുടങ്ങും. കാലതാമസം തുടരുകയാണെങ്കിൽ പിഴ തുക ഘട്ടംഘട്ടമായി വർദ്ധിപ്പിക്കാനും വ്യവസ്ഥയുണ്ട്. എന്നാൽ നിയമതടസ്സങ്ങൾ, അനന്തരാവകാശ തർക്കങ്ങൾ തുടങ്ങിയ ന്യായമായ കാരണങ്ങളുള്ളവർക്ക് ഇതിൽ ഇളവ് നൽകും.
നിർമ്മാണം മുടങ്ങിയ കെട്ടിടങ്ങൾ നഗരത്തിന്റെ കാഴ്ചയ്ക്ക് മങ്ങലേൽപ്പിക്കാതിരിക്കാൻ മറ്റൊരു നിർദ്ദേശത്തിനും കൗൺസിൽ അംഗീകാരം നൽകി. ഒരു വർഷത്തിലധികം പണി മുടങ്ങിക്കിടക്കുന്ന, പ്രത്യേകിച്ച് പ്രധാന റോഡുകൾക്ക് അഭിമുഖമായുള്ള കെട്ടിടങ്ങളുടെ പുറംഭാഗം പരസ്യങ്ങൾക്കായി താൽക്കാലികമായി വിട്ടുനൽകാനാണ് പദ്ധതി.
മുൻസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ ലൈസൻസുള്ള പരസ്യ ബോർഡുകൾ ഇത്തരം കെട്ടിടങ്ങളിൽ സ്ഥാപിക്കുന്നതിലൂടെ നഗരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാനും ഉപയോഗശൂന്യമായി കിടക്കുന്ന നിർമ്മിതികളെ പ്രായോഗികമായി ഉപയോഗപ്പെടുത്താനും സാധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
dfgdg



