മുത്ത് വാരൽ : ബഹ്റൈനി ഡൈവർക്ക് കിട്ടിയത് 7,500 ബഹ്റൈൻ ദിനാർ മൂല്യമുള്ള മുത്ത്
മനാമ : 7,500 ബഹ്റൈൻ ദിനാർ മൂല്യമുള്ള മുത്ത് കൊണ്ടുവന്ന അപൂർവ ഭാഗ്യവുമായി ബഹ്റൈൻ പൗരൻ. മുത്ത് വാരൽ ദൗത്യത്തിനിടെ ബഹ്റൈനി ഡൈവറായ അഹമ്മദിന് കിട്ടിയ മുത്തിന് 7,500 ബഹ്റൈൻ ദിനാറാണ് മൂല്യം. ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേൾസ് ആൻഡ് ജെം സ്റ്റോൺ പരിശോധിച്ച മുത്തിന് എട്ട് കാരറ്റ് തൂക്കമുണ്ട്. 100 ശതമാനം പ്രകൃതിദത്തമാണ് ഇത്. തനിക്ക് കിട്ടിയ ഷെൽഫിഷുകളുടെ കൂട്ടത്തിൽ ഒന്നിൽ നിന്നാണ് മുത്ത് കിട്ടിയതെന്ന് അഹമ്മദ് അൽമാൽകി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി താൻ മുത്ത് വാരൽ നടത്തുന്നുണ്ടെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും അഹമ്മദ് പറഞ്ഞു.
അൽഹായത്ത് മേഖലയിൽ ആദ്യമായാണ് തങ്ങൾ ഡൈവിംഗ് നടത്തുന്നത്. ആഴം കൂടുതൽ ആയതിനാൽ ഈ പ്രദേശത്ത് ഒരുപാട് ഡൈവർമാരില്ല. മുത്ത് കണ്ടെത്തുക എന്നത് എളുപ്പമല്ല. ചിലപ്പോൾ ഒരൊറ്റ മുങ്ങൽ 40 മിനിറ്റ് വരെ എടുത്തേക്കാം. ഒരു ഷെൽഫിഷ് തുറക്കുന്നതിന് മൂന്ന് മണിക്കൂർ വരെ എടുക്കും. മുത്തുകൾക്ക് സീസൺ ഇല്ലെങ്കിലും, ശൈത്യകാലം മുതൽ വേനൽക്കാലം വരെ നല്ല സമയമാണ്. വേനൽക്കാലത്ത് ഷെൽഫിഷ് ലഭിക്കാൻ കൂടുതൽ ആഴത്തിൽ ഡൈവ് ചെയ്യേണ്ടിവരും. കടൽ പല കാര്യങ്ങളാൽ സന്പന്നമാണ്. എന്നാൽ കടലിന്റെ വിഭവങ്ങളെ സംരക്ഷിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മുത്ത് തേടിയിറങ്ങാൻ കൂടുതൽ ചെറുപ്പക്കാർ ഇഷ്ടപ്പെടുന്നുവെന്ന് അഹമ്മദ് പറഞ്ഞു. സുരക്ഷയും നിയമങ്ങളും പിന്തുടരുകയാണെങ്കിൽ, ഇത് രസകരമായ ഒരു തൊഴിലാണെന്നും അദ്ദേഹം പറഞ്ഞു. മുത്തുകൾക്ക് നിശ്ചിത വിലയില്ല. ഭാരം, ഗുണനിലവാരം, നിറം എന്നിവയെ ആശ്രയിച്ചാണ് വില നിശ്ചയിക്കുന്നത്. ബഹ്റൈനിലെ മുത്ത് ഏറ്റവും മികച്ച നിലവാരമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദത്ത മുത്തുകളുടെ ഒരു ആഗോള കേന്ദ്രമായി ബഹ്റൈനെ ഉയർത്തിക്കൊണ്ടുവരാനും ഇതിലൂടെ വ്യാപാരവും ടൂറിസവും വളർത്താനുമാണ് രാജ്യം ലക്ഷ്യമിടുന്നത്.




