തീവ്രവാദികളുടെ പൗരത്വം പിൻവലിച്ചു
മനാമ : പൈപ്പ് ലൈനിൽ ബോംബാക്രമണം നടത്താൻ ശ്രമിച്ച ബഹ്റൈൻ സ്വദേശിയായ പ്രതിക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് വിധിച്ചു. 18 വയസിന് താഴെ പ്രായമുള്ള മറ്റ് രണ്ട് പേർക്ക് മൂന്ന് വർഷത്തെ തടവും കോടതി വിധിച്ചിട്ടുണ്ട്. ആദ്യത്തെയും മൂന്നാമത്തെയും പ്രതികളുടെ പൗരത്വം റദ്ദാക്കാനും കോടതി ഉത്തരവിട്ടു. സരായ അൽ അഷ്തർ (അൽ അഷ്താർ ബ്രിഗേഡ്സ്) എന്ന സംഘടനയുടെ അംഗങ്ങളാണ് ഇവർ മൂവരും.
മൂന്ന് വർഷം വീതം തടവ് ലഭിച്ച രണ്ട് പ്രതികൾ 18 വയസിന് താഴെയുള്ളവരാണ്. മൂന്നാമത്തെ പ്രതി സംഘടനയിലേക്ക് അംഗങ്ങളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് അസമാധാനം സൃഷ്ടിക്കാനും ബോംബുകൾ സ്ഥാപിക്കാനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും സംഘടന പദ്ധതിയിട്ടിരുന്നു. എണ്ണ പൈപ്പ് ലൈനുകളിൽ ബോംബ് സ്ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട കേസിലും ആദ്യപ്രതി ഉൾപ്പെട്ടിരുന്നു. രണ്ടാമത്തെ പ്രതിയാണ് ഇയാൾക്ക് സഹായങ്ങൾ നൽകിയത്. ബുരിയിലെ എണ്ണ പൈപ്പ് ലൈനുകൾ തകർക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ ബോംബ് പൊട്ടിയില്ല. പോലീസ് അന്വേഷണങ്ങൾക്ക് ശേഷമാണ് ബോംബ് സ്ഫോടനത്തിൽ ഇവരുടെ പങ്കാളിത്തം വ്യക്തമാകുന്നത്.
മൂന്നാമത്തെ പ്രതി വഴി താൻ ഇറാനിലേക്ക് പോയതായും ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നേതൃത്വത്തിലുള്ള ക്യാന്പിൽ പങ്കെടുക്കുകയും ചെയ്തതായി ഒന്നാം പ്രതി പറഞ്ഞു. ബോംബ് നിർമിക്കുന്നതിനും ആയുധങ്ങൾ ഉപയോഗിക്കുന്നതിനും അവിടുന്ന് പരിശീലനം നേടി. സ്ഫോടനത്തിനായി രണ്ടാമത്തെ പ്രതിയെ തന്റെ സഹായിയായി നിയമിച്ചതായും പ്രതി വെളിപ്പെടുത്തി.




