വഴിയോര തൊഴിലാളികളുടെ കാത്തിരിപ്പ് തുടരുന്നു
മനാമ: ഓരോരോ വാഹനങ്ങൾ കടന്ന് വരുന്പോഴും പ്രതീക്ഷയുടെ തിളക്കം ചില മുഖങ്ങളിൽ തെളിയും. കൂട്ടത്തിൽ അന്നത്തെ അന്നത്തിന് വഴി തെളിഞ്ഞവരെ ഏതെങ്കിലും ഒരു തൊഴിലുടമ തന്റെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോകും. തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന നൂറ് കണക്കിന് തൊഴിലാളികൾ പിന്നെയും ബാക്കി ഉണ്ടാകും... ഏതെങ്കിലും ഒരു തൊഴിലുടമയുടെ കാത്ത്...
ഇത് ഒരു കഥയുടെ തുടക്കമല്ല, ബഹ്‌റൈനിലെ പ്രശസ്തമായ ലുലു റോഡിലെ ഓരോ ദിവസത്തെയും പ്രഭാതം കണികണ്ടുണരുന്ന കാഴ്ചയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് നിത്യേന ഏതെങ്കിലും ഒരു തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവിടെ റോഡരികിൽ കാത്ത് നിൽക്കുന്നത്. മേസൻ, കൽപ്പണിക്കാർ, കന്പി വളയ്ക്കുന്നവർ, പെയിന്റർമാർ, പ്ലംബർമാർ, കയറ്റിറക്ക് ജോലിക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ചോര നീരാക്കുന്ന ഇവരെ ചൂഷണം ചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. നിയമപരമായ വിസയോ മറ്റ് രേഖകളോ ഇല്ലാത്ത ഇവരെ ജോലിക്ക് വിളിച്ചാൽ കുറഞ്ഞ വേതനം മാത്രമേ കൊടുക്കേണ്ടതുള്ളൂ എന്നത് കൊണ്ട് ചെറുകിടകരാറുകാരും മേസ്തിരിമാരുമാണ് ഈ വഴിവക്കിലെ തൊഴിലാളികളുടെ പ്രധാന താൽക്കാലിക തൊഴിലുടമകൾ. ജോലി എന്തെന്നുള്ള കാര്യം പോലും അന്വേഷിക്കാതെ വാഹനത്തിൽ കയറുന്ന ഈ തൊഴിലാളികൾക്ക് ദിവസം മുഴുവൻ ജോലി ചെയ്താലും ലഭിക്കുന്നത് നാമ മാത്രമായ കൂലിയാണ്. ദിവസക്കൂലി മുതൽ ആഴ്ചക്കൂലി, മാസക്കൂലി രീതിയിലും തൊഴിലാളികളെ ഇവിടെ നിന്ന് കൊണ്ടുപോകുന്നവരുണ്ട്. തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന കന്പനികൾക്ക് വഴിയോര തൊഴിലാളികളെ വിതരണം ചെയ്യുന്ന ഉപകരാറുകാരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ തൊഴിലാളിക്കും ലഭിക്കുന്ന കൂലിയിൽ നിന്നും ഒരു ചെറിയ വിഹിതം വിതരണക്കാരും എടുക്കും.
വഴിയോര തൊഴിലാളികളിൽ വലിയൊരു വിഭാഗവും ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 25,000 രൂപ മുതൽ 1 ലക്ഷം വരെ വിസയ്ക്ക് നൽകി വന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. ഇവിടെ എത്തിയപ്പോഴാണ് തങ്ങളെ വിസിറ്റ് വിസയിൽ കൊണ്ട് വന്നതാണെന്നുള്ള കാര്യം പലരും അറിയുന്നത് തന്നെ. പിന്നീട് ഗത്യന്തരമില്ലാതെ ആകുന്പോൾ കിട്ടിയ ജോലി എന്തും ചെയ്യാൻ തയ്യാറായി ഇവർ രാവിലെ തൊട്ട് വഴിവക്കിൽ കാത്തിരിപ്പ് ആരംഭിക്കുന്നു. ഒരു പകൽ മുഴുവൻ കാത്ത് നിന്നാലും ജോലി ഇല്ലാത്ത ദിവസം ഉണ്ടാകും. ചിലപ്പോൾ ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ ഒരേ ദിവസം തന്നെ ജോലി ലഭിച്ചെന്നുമിരിക്കുമെന്ന് ഗഫുർഖാൻ എന്ന ബംഗ്ലാദേശ് സ്വദേശി പറഞ്ഞു. വൈകുന്നേരം വരെ ജോലി ചെയ്യിപ്പിച്ച് ഒന്നും തരാതെ ചില കരാറുകാർ മുങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഇവിടെയുള്ള ചില തൊഴിലാളികൾ പറഞ്ഞു. നാട്ടിലെ കുടുംബത്തിന്റെ ദാരിദ്ര്യം ഓർക്കുന്പോൾ എന്ത് ജോലിയും ചെയ്യാൻ തയ്യാറാകുന്നതാണെന്ന് ഇവരിൽ ചിലർ പറഞ്ഞു.
എന്ത് ജോലിയും ചെയ്യുന്നതിന് ഞങ്ങൾ ഒരുക്കമാണ്. എന്നാൽ കന്പനി തൊഴിലാളികൾക്ക് നൽകുന്ന വേതനവുമായി തട്ടിച്ച് നോക്കുന്പോൾ തങ്ങൾക്ക് ലഭിക്കുന്നത് വളരെ കുറവാണെന്നും ഇവർ പറയുന്നു. തൊഴിൽ എടുക്കുന്ന സ്ഥാപനത്തിന്റെ ഓഫീസ് പോലും അറിയാത്ത തങ്ങൾക്ക് ആഴ്ചക്കൂലി തരുന്നത് പോലും വാഹനത്തിൽ െവച്ചാണെന്നും ഇവിടുത്തെ തൊഴിലാളികൾ പറഞ്ഞു.
വിസാ ചിലവില്ല, എൽ.എം.ആർ.എ ഫീസ് നൽകേണ്ട, താമസ സൗകര്യം ഒരുക്കേണ്ട, ആരുടെ കാര്യത്തിലും ഉത്തരവാദിത്വവുമില്ല എന്നിങ്ങനെയുള്ള കുറച്ച് കാര്യങ്ങളാണ് പലപ്പോഴും വഴിയോര തൊഴിലാളികളെ ഉപയോഗപ്പെടുത്താൻ പല തൊഴിലുടമകളും തയ്യാറാകുന്നത്. കന്പനിയിലെ തൊഴിലാളികൾക്ക് എടുത്ത് തീർക്കാവുന്നതിലും അധികം ജോലി വരുന്പോഴാണ് ഇവിടെയുള്ള തൊഴിലാളികളെ തേടി വരുന്നതെന്ന് ഒരു സ്വകാര്യ കന്പനിയിലെ കരാറുകാരൻ പറഞ്ഞു. വിസയും രേഖകളും ഇല്ലാത്തവരെ കൊണ്ട് പണിയെടുപ്പിക്കുന്നത് വലിയ റിസ്ക് ആണ്. പക്ഷെ ചിലപ്പോൾ അങ്ങിനെ വേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടങ്ങളുടെയും മറ്റും ജോലികൾ പലപ്പോഴും ലഭിക്കുന്നത് ഒരേ തരത്തിലല്ല. ചിലപ്പോൾ പെട്ടെന്ന് തീർക്കാനുള്ള വലിയ കോൺക്രീറ്റുകളും മറ്റും ഉണ്ടാകും. അതേസമയം കരാർ പണികൾ ഒന്നും ഇല്ലാത്ത ദിവസങ്ങളും ഉണ്ടാകും. അപ്പോൾ താൽക്കാലികമായി ഇത്തരത്തിൽ ലഭിക്കുന്ന തൊഴിലാളികളെ എടുക്കുന്നതാണ് കന്പനികൾക്ക് ലാഭം. എന്നാൽ കന്പനിയിലെ തൊഴിലാളികൾക്ക് നൽകുന്ന എല്ലാ സുരക്ഷയും മറ്റും ഇവർക്കും നൽകിക്കൊണ്ടാണ് തങ്ങൾ ഇത്തരക്കാരെ ജോലിയിൽ വെക്കുന്നതെന്നും മലയാളിയായ ഒരു കോൺട്രാക്റ്റർ പറഞ്ഞു.
