മാനഭംഗ കേസിൽ വിവാദ ആൾദൈവം അസാറാമിന് ജീവപര്യന്തം തടവ്
ജോധ്പൂർ: ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത അന്തേവാസിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം അസാറാം ബാപ്പുവിന് ജോധ്പൂർ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിൽ പ്രതികളായ അസാറാമിന്റെ സഹായികളായ ശിൽപ്പി, ശിവ എന്നിവർക്ക് 20 വർഷം വീതം തടവും കോടതി വിധിച്ചു. പ്രതികളായിരുന്ന ശരത്, പ്രകാശ് എന്നിവരെ വെറുതെ വിട്ടു.
സുരക്ഷ കണക്കിലെടുത്ത് ജഡ്ജി ജോധ്പൂർ സെൻട്രൽ ജയിലിലെത്തിയാണ് വിധി പ്രഖ്യാപിച്ചത്. ഇതിനായി ജയിലിൽ പ്രത്യേക കോടതി സജ്ജമാക്കിയിരുന്നു. മാനഭംഗം, പോക്‌സോ, ജുവനൈൽ ജസ്റ്റീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വിധി പറയുന്നതിന് മുന്നോടിയായി ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ സുരക്ഷ കർശ്ശനമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളിലാണ് അസാറാമിന് വൻ അനുയായികളുള്ളത്. ആശ്രമങ്ങളെന്ന പേരിൽ രാജ്യത്ത് 400 കേന്ദ്രങ്ങൾ ആശാറാമിനുണ്ട്.
ഉത്തർപ്രദേശിലെ ഷഹജാൻപൂരിൽ നിന്നുള്ള കൗമാരക്കാരിയെ ജോധ്പൂരിനടുത്തുള്ള ആശ്രമത്തിലേയ്ക്ക് വിളിപ്പിച്ച് മാനഭംഗത്തിനിരയാക്കിയതായാണ് അസാ
റാം ബാപ്പുവിനെതിരായ കേസ്. മധ്യപ്രദേശിലെ ചിന്ത്വാരയിലെ ബാപ്പുവിന്റെ ആശ്രമത്തിലായിരുന്നു പെൺകുട്ടി പഠിച്ചിരുന്നത്.
