പ്രവാസലോകത്ത് പൂരനഗരിക്ക് ഒരുക്കമായി; സംസ്കാര തൃശൂർ പൂരം വെള്ളിയാഴ്ച
മനാമ : പൂരമെന്നാൽ കേരളീയർക്ക് തൃശൂർ പൂരമാണ്. അപ്പോൾ തൃശൂർ നിവാസികൾക്കോ? അവരുടെ ആത്മാവിന്റെ തന്നെ ഭാഗമാണ് തൃശൂർ പൂരം. ആ പൂരത്തിൽ സംബന്ധിക്കാനാകാതെ പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ നാടിന്റെ ഓർമ്മകളുമായി കഴിയുന്ന ആയിരക്കണക്കിന് തൃശൂർ നിവാസികൾ ബഹ്റൈനിലുണ്ട്. അവർക്കു പൂരത്തിന്റെ എല്ലാ ആഘോഷവും അനുഭവിച്ചറിയാൻ, നാടിന്റെ സംസ്കാരം വരും തലമുറയ്ക്കും കാട്ടിക്കൊടുക്കാൻ പൂരപ്രേമികൾ ഒത്തു ചേർന്ന് ബഹ്റൈനിലും തൃശൂർ പൂരം ഒരുങ്ങുകയാണ്. വെള്ളിയാഴ്ച വൈകീട്ട് നാല് മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന തൃശൂർ പൂരത്തിന് തൃശൂർ സംസ്കാരയുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണ്.
ഇലഞ്ഞിത്തറ മേളവും ആനയും അന്പാരിയും കുടമാറ്റവും അടക്കം തൃശൂർ പൂരത്തിന്റെ എല്ലാ പകിട്ടുകളും അതെ പടി പ്രവാസലോത്തും പകർത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. പൂരത്തിന് വേണ്ടിയുള്ള ആനകളും വർണ്ണ കുടകളും അണിയറയിൽ പൂർത്തിയായിക്കഴിഞ്ഞു. യഥാർഥ ആനയുടെ വലിപ്പത്തിലുള്ള ആനകൾ അടക്കം പത്തോളം ആനകളാണ് പ്രമുഖ കലാകാരന്മാരുടെ നേതൃത്വത്തിൽ നിർമ്മിച്ചിട്ടുള്ളത്.. നെറ്റിപ്പട്ടം കെട്ടിയ പത്തോളം ഗജവീരൻമാരെ അണിനിരത്തി 200 വർണ്ണകുടകളാണ് കുടമാറ്റത്തിന് വർണ്ണാഭ പകരുവാനായി ഒരുക്കുന്നത്. കൂടാതെ നിരവധി കലാരൂപങ്ങളും ഇത്തവണ പൂരത്തിന് വേണ്ടി തയ്യാറാക്കി വരുന്നു. യഥാർത്ഥ തൃശൂർ പൂരത്തിന്റെ എല്ലാ ചടങ്ങുകളും ഉൾപ്പെടുത്തി കഴിഞ്ഞ വർഷം നടത്തിയതിലും മികവോടെ ഇത്തവണ നടത്താനുള്ള പ്രവർത്തികളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. തൃശൂർ പൂരത്തിലെ പ്രധാന ചടങ്ങുകളായ കൊടിയേറ്റവും, മഠത്തിൽ വരവും, ചെറു പൂരങ്ങളും, ഇലഞ്ഞിത്തറ മേളവും, കുടമാറ്റവും, വെടിക്കെട്ടുമെല്ലാം ഇത്തവണ ഒരുക്കുന്നുണ്ട് പൂരത്തിന്റെ മുഖ്യ ആകർഷണമായ ഇലഞ്ഞിത്തറ മേളത്തിന് (പാണ്ടിമേളം) ബഹ്റൈൻ സോപാനം വാദ്യകലാസംഘത്തിലെ 101 കലാകാരന്മാർ സംബന്ധിക്കും. കൂടാതെ ഇത്തവണത്തെ ഇലഞ്ഞിത്തറമേളത്തിന് പൂരപ്പെരുമ പകരാനായി പ്രശസ്ത ഇലത്താള ചക്രവർത്തിയും തൃശൂർപൂരം തിരുവന്പാടി വിഭാഗത്തിന്റെ ഇലത്താള പ്രമാണിയുമായ ഏഷ്യാഡ് ശശി, യുവതലമുറയിലെ ശ്രദ്ധേയനായ വലംതല പ്രമാണി കല്ലൂർ ശബരി, പ്രശസ്ത കുറുംകുഴൽ കൊന്പ് കലാകാരന്മാരായ അരവിന്ദൻ കാഞ്ഞിലശ്ശേരി, സാജു കൊരയങ്ങാട് എന്നിവരും എത്തുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ പൂരാഘോഷത്തിന്റെ ലഹരി ആസ്വദിച്ചവർക്കും പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയവർക്കും നാട്ടിലെ പൂരത്തിന് പോകാൻ കഴിയാത്ത പ്രവാസികൾക്കും പൂരം അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. പ്രവാസ ജീവിതത്തിൽ നഷ്ടപ്പെടുന്ന ഗൃഹാതുരത്വം തുളുന്പുന്ന മധുരമായ ഓർമ്മകളോടൊപ്പം ഒരിക്കൽ കൂടി ജീവിക്കാനായി പവിഴദ്വീപിൽ അരങ്ങേറുന്ന ഈ ആഘോഷപരിപാടിയിൽ പങ്കെടുക്കാനായി ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും അതിർവരന്പുകൾ ഇല്ലാതെ എല്ലാ പൂരപ്രേമികളും എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
