ഞാൻ മോഹൻലാലിനോട് ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്: ജയരാജ്
മോഹൻലാലിനോട് പൊറുക്കാനാകാത്ത തെറ്റ് ചെയ്തെന്ന് വെ ളിപ്പെടുത്തി സംവിധായകൻ ജയരാജ്. മോഹൻ ലാലിനെ നായകനാക്കി ചെയ്യേണ്ടിയിരുന്ന ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആ സിനിമയുടെ ലൊക്കേഷൻ വരെ തീരുമാനിച്ച് ചിത്രീകരണത്തിന് ഇറങ്ങിപ്പുറപ്പെടാൻ നേരത്താണ് അത് വേണ്ടെന്ന് വെയ്ക്കുന്നത്. അതിൽ നിന്നും ഞാൻ പിന്മാറേണ്ടി വന്ന സാഹചര്യം അദ്ദേഹത്തെ വിഷമിപ്പിച്ചിട്ടുണ്ടാകാം. ആ സമയത്ത് എന്റെ ജീവിതത്തിലുണ്ടായ പ്രത്യേക സാഹചര്യത്തിൽ ആ സിനിമ ചെയ്യാൻ പറ്റിയില്ല അന്ന് അദ്ദേഹം കുടുംബവുമായി സൗത്ത് ആഫ്രിക്കയിൽ എവിടെയോ യാത്രയിലായിരുന്നു. അത് റദ്ദാക്കി അദ്ദേഹം മാത്രം മടങ്ങിവരുകയായിരുന്നു, ഈ സിനിമയിൽ അഭിനയിക്കാൻ.ഇവിടെ വരുന്പോഴാണ് ഈ സിനിമ ഉപേക്ഷിച്ച വിവരം മോഹൻലാൽ അറിയുന്നത്.
ഒരു ചോദ്യമേ അദ്ദേഹം എന്നോട് ചോദിച്ചുള്ളൂ, ‘നേരത്തെ ഒന്ന് പറയായിരുന്നില്ലേ?’..അത് നമ്മുടെ ഭാഗത്തുണ്ടായ തെറ്റാണ് അത് മനസ്സിലിപ്പോഴും സൂക്ഷിക്കുന്നതുകൊണ്ടാകാം പ്രോജക്ടുകൾ നടക്കാതെ പോകുന്നത്. പക്ഷേ അതുകൊണ്ട് സംഭവിക്കുന്നത് മലയാളത്തിലെ ഒരു മികച്ച സിനിമ നഷ്ടപ്പെടുകയാണ്. അദ്ദേഹം തയ്യാറാണെങ്കിൽ ഞാൻ തയ്യാറാണ്. കാരണം അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മികച്ച സിനിമയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.
