പീപ്പിൾസ് ഫൗണ്ടേഷൻ 1500 വീടുകൾ നിർമ്മിച്ച് നൽകും: പി.സി ബഷീർ
മനാമ: കേരളത്തിലെ ഭവനരഹിതരായ 1500 ദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് പ്രമുഖ എൻ.ജി.ഒ പീപ്പിൾസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.സി ബഷീർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് അൽഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അഞ്ചര ലക്ഷം രൂപയുടെ വീടാണ് അർഹരായവർക്ക് പണിത് നൽകുന്നത്. ഗുണഭോക്താക്കൾ, പ്രാദേശിക കമ്മിറ്റി, സഹായം നൽകുന്നവർ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെ നിർമ്മിക്കുന്നവയാണ് വീടുകൾ. മൂന്നരലക്ഷം സഹായമായി നൽകിയാൽ അഞ്ചര ലക്ഷത്തിന്റെ വീടാണ് ഫൗണ്ടേഷൻ പണിത് നൽകുക. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് മൂന്ന് സെന്‍റ് വീതം ദാനം ചെയ്യാൻ സന്നദ്ധമായാൽ അതിൽ വീട് വെച്ച് നൽകുന്നതിനും സംവിധാനമുണ്ട്.
വിവിധ സാമൂഹിക−സഹായ−സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരിയായ പ്ലാനോടെയായിരിക്കും പദ്ധതികൾ നടപ്പാക്കുക. പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തങ്ങളുടെ അനിവാര്യതയെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകനും ആക്ടിവിസ്റ്റുമായ സാദിഖ് ഉളിയിൽ വിശദീകരിച്ചു. പ്രസിഡണ്ട് ജമാൽ നദ്−വി ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബിലാൽ സലീം പ്രാർത്‍ഥന നിർവ്വഹിച്ചു. ജന. സെക്രട്ടറി എം.എം സുബൈർ സ്വാഗതവും വൈസ് പ്രസിഡണ്ട് സഈദ് റമദാൻ നദ്−വി സമാപനവും നിർവ്വഹിച്ചു.



