മൂവാറ്റുപുഴയിൽ ലിഫ്റ്റ് പൊട്ടിവീണ് 19 വയസുകാരന് ദാരുണാന്ത്യം
ഷീബ വിജയൻ
വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് 19 വയസുകാരന് ദാരുണാന്ത്യം സംഭവിച്ചു. മൂവാറ്റുപുഴ പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ മുള്ളുംപുറം സ്റ്റോഴ്സിലെ ജീവനക്കാരനാണ് ഇദ്ദേഹം.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് കടയുടെ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. വെള്ളൂർക്കുന്നത്ത് നഗരസഭ ബിൽഡിംഗിലുള്ള കടയിലെ ജീവനക്കാരനായ അക്ഷയ് സാധനങ്ങൾ എടുക്കാനായാണ് ഗോഡൗണിലേക്ക് എത്തിയത്. മുകൾ നിലകളിലാണ് സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നത്. ഗോഡൗണിൽ ആവശ്യമുള്ള സാധനം കണ്ടെത്താൻ പറ്റാത്തതിനെ തുടർന്ന് കടയിലേക്ക് വിളിച്ചിരുന്നു. തുടർന്ന് മറ്റൊരു ജീവനക്കാരൻ എത്തിയപ്പോഴാണ് അക്ഷയ് നിലത്തുവീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. മൂന്നാമത്തെ നിലയിൽ നിന്ന് ലിഫ്റ്റ് പൊട്ടി താഴേക്ക് പതിക്കുന്നതിന്റെയും അക്ഷയ് നിലത്തേക്ക് തെറിച്ച് വീഴുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. നിർധന കുടുംബത്തിന് ഏക അത്താണി ആയിരുന്നു അക്ഷയ്. സഹോദരി: അരുണിമ.
dfsdfsfds

