കടലിൽ പുതിയ സർവേ മേഖല: ലൈസൻസുള്ള കടൽയാത്രക്കാർക്കും മൽസ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശവുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ തീരത്ത് നടപ്പിലാക്കുന്ന പുതിയ സമുദ്ര സർവേ പദ്ധതിയുടെ പശ്ചാത്തലത്തിൽ കടൽയാത്രക്കാർക്കും മൽസ്യത്തൊഴിലാളികൾക്കുമായി വിപുലമായ ബോധവൽക്കരണ ക്യാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കോസ്റ്റ് ഗാർഡ്, ബാപ്കോ എനർജീസ് , ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിലെ പോർട്ട്സ് ആൻഡ് മാരിറ്റൈം അഫയേഴ്സ് എന്നിവയുടെ സഹകരണത്തോടെ ബന്ദർ അൽ ദാർ മൽസ്യബന്ധന തുറമുഖത്താണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
പുതിയ സമുദ്ര സർവേ പദ്ധതിയുടെ മേഖലകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്ന ഭൂപടങ്ങൾ ക്യാമ്പയിനിൽ വിശദീകരിച്ചു. പുതിയ സർവേ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതും ഉപകരണങ്ങൾക്കും സർവേ യാനങ്ങൾക്കും സമീപത്തേക്ക് പോകുന്നതും ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സർവേ നടക്കുന്ന മേഖലയ്ക്കുള്ളിൽ മീൻപിടുത്തം, നീന്തൽ, ഡൈവിംഗ് എന്നിവ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. സർവേ ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയോ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സുരക്ഷാ നിർദ്ദേശങ്ങളും ഔദ്യോഗിക അറിയിപ്പുകളും കൃത്യമായി പാലിക്കാൻ കോസ്റ്റ് ഗാർഡ് കടൽയാത്രക്കാരോട് അഭ്യർത്ഥിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനും പദ്ധതി തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് ബന്ധപ്പെട്ട ഏജൻസികൾ സംയുക്തമായി ഇത്തരമൊരു ബോധവൽക്കരണം സംഘടിപ്പിച്ചത്. മൽസ്യത്തൊഴിലാളികളുടെ സംശയങ്ങൾക്ക് പരിപാടിയിൽ അധികൃതർ മറുപടി നൽകി.
asdasd

