ഹെറോയിൻ ഗുളികകൾ വയറ്റിലൊളിപ്പിച്ച് ബഹ്റൈനിലേയ്ക്ക് കടത്താൻ ശ്രമിച്ച ഏഷ്യൻ പൗരന് ജീവപര്യന്തം


പ്രദീപ് പുറവങ്കര

മനാമ: വയറ്റിൽ ഒളിപ്പിച്ച് 22 ഹെറോയിൻ ക്യാപ്‌സൂളുകൾ ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച ഏഷ്യൻ പൗരന് ഹൈ ക്രിമിനൽ അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചു. അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിന്റെ വലയിൽ അകപ്പെട്ട് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം തടവിന് പുറമെ 10,000 ദീനാർ പിഴയും, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനുമാണ് വിധി.

സ്വദേശത്ത് വെച്ച് പരിചയപ്പെട്ട ഒരാളുടെ നിർദ്ദേശപ്രകാരമാണ് പ്രതി വിദേശനാണ്യം പ്രതിഫലമായി വാഗ്ദാനം ചെയ്തതിനെ തുടർന്ന് ലഹരിമരുന്ന് വിഴുങ്ങി ബഹ്‌റൈനിലേക്ക് എത്തിയത്. പ്രതിയുടെ വിമാന ടിക്കറ്റും താമസസൗകര്യവും ലഹരി സംഘമാണ് ക്രമീകരിച്ചത്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇയാളെ റെഡ് ചാനൽ വഴി സംശയത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുവെച്ച് വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ ലഹരിമരുന്ന് ഗുളികകൾ വിഴുങ്ങിയതായി സമ്മതിച്ചു.

തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഇയാളുടെ വയറ്റിൽ നിന്ന് ഹെറോയിൻ അടങ്ങിയ 22 ക്യാപ്‌സൂളുകൾ കണ്ടെടുത്തത്. ആദ്യം 16 ക്യാപ്‌സൂളുകളും പിന്നീട് ബാക്കിയുള്ളവയും വിഴുങ്ങിയതായി ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കി. പ്രതിയിൽ നിന്ന് 275 ദീനാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നിയമവിരുദ്ധമായി വിൽപനയ്ക്കായി ലഹരിമരുന്ന് ഇറക്കുമതി ചെയ്തതിനും കൈവശം വെച്ചതിനും പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കേസെടുത്ത് ഹൈ ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു. കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും നാടുകടത്തലും അപ്പീൽ കോടതി പൂർണ്ണമായും ശരിവെച്ചു.

article-image

DFFDFDF

You might also like

  • Lulu Exchange
  • Straight Forward

Most Viewed