വാണിജ്യ രജിസ്ട്രേഷൻ ഉടമസ്ഥാവകാശ കൈമാറ്റം ബഹ്റൈനിൽ ഇനി കൂടുതൽ എളുപ്പം; സിജിലാത്ത് പോർട്ടലിൽ വിപുലമായ പരിഷ്കാരങ്ങൾ
പ്രദീപ് പുറവങ്കര
മനാമ: ബിസിനസ്സ് രംഗത്തെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വാണിജ്യ രജിസ്ട്രേഷൻ (CR) ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള (Ownership Transfer) നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം. ഔദ്യോഗിക പോർട്ടലായ 'സിജിലാത്ത്' വഴിയാണ് ഈ സേവനത്തിൽ വിപുലമായ പരിഷ്കാരങ്ങൾ വരുത്തിയത്. ഇതോടെ പ്രത്യേക ഇലക്ട്രോണിക് അനുമതി പത്രങ്ങളുടെ ആവശ്യമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള അപേക്ഷകൾ നേരിട്ട് സമർപ്പിക്കാം.
പുതിയ പരിഷ്കാരത്തിലൂടെ മുൻപുണ്ടായിരുന്ന ആറ് ഘട്ടങ്ങളുള്ള അപേക്ഷാ രീതി നാല് ഘട്ടങ്ങളായി ചുരുക്കി. പോർട്ടലിന്റെ ഉപയോക്തൃ ഇന്റർഫേസ് (UI) മെച്ചപ്പെടുത്തൽ, നടപടിക്രമങ്ങൾ ലളിതമാക്കൽ, സേവനം ലഭ്യമാകുന്നതിന് ആവശ്യമായ അനുമതികളിൽ 25 ശതമാനം കുറവ് വരുത്തൽ എന്നിവയും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. അതോടൊപ്പം, ഈ സേവനത്തെ 'സിജിലാത്ത് 3.0'-ൽ നിന്ന് കൂടുതൽ മികവുറ്റ 'സിജിലാത്ത് 4.0' സിസ്റ്റത്തിലേക്ക് മാറ്റുകയും ചെയ്തു.
ഡിജിറ്റൽ സേവനങ്ങൾ പുനഃക്രമീകരിക്കുന്നതിലൂടെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ബഹ്‌റൈനിലെ ബിസിനസ്സ് അന്തരീക്ഷത്തിന് കൂടുതൽ കരുത്ത് പകരണുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് വ്യവസായ വാണിജ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഈമാൻ അഹമ്മദ് അൽ ദോസരി വ്യക്തമാക്കി.
സർക്കാർ സേവനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി 1,300-ലധികം സർക്കാർ സേവനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 800-ഓളം സേവനങ്ങൾ വികസന ഘട്ടങ്ങളിലൂടെ കടന്നുപോയി. ദേശീയ നിർദ്ദേശ-പരാതി പരിഹാര പ്ലാറ്റ്‌ഫോമായ 'തവാസുൽ' വഴി ലഭിച്ച ഫീഡ് ബാക്കുകൾ, നിക്ഷേപകരുടെ അഭിപ്രായങ്ങൾ, മിസ്റ്ററി ഷോപ്പർ റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയങ്ങളുടെ സേവനങ്ങളിൽ ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
adsdfsdfsdfs

