ഇറാൻ ആക്രമണം: വീടുകൾക്കും വാഹനങ്ങൾക്കും പൂർണ്ണ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് വിലയിരുത്തി ബഹ്റൈൻ മന്ത്രിസഭ
പ്രദീപ് പുറവങ്കര
മനാമ: ഇറാൻ നടത്തിയ ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ച പൗരന്മാർക്ക് പൂർണ്ണ നഷ്ടപരിഹാരം നൽകാനുള്ള രാജകീയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ബഹ്‌റൈൻ മന്ത്രിസഭ വിലയിരുത്തി. രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉത്തരവുകളും കൃത്യമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികൃതർ നടത്തുന്ന ശ്രമങ്ങളെ മന്ത്രിസഭാ യോഗം അഭിനന്ദിച്ചു. ഗുദൈബിയ കൊട്ടാരത്തിൽ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലാണ് പ്രതിവാര മന്ത്രിസഭാ യോഗം ചേർന്നത്.
ഇറാൻ അക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് എക്സിക്യൂട്ടീവ്-ലെജിസ്ലേറ്റീവ് അധികാരികൾ നടത്തിയ സംയുക്ത കൂടിക്കാഴ്ചയെ മന്ത്രിസഭ പ്രശംസിച്ചു. പ്രതിസന്ധികൾ നേരിടാനുള്ള ദേശീയ സജ്ജീകരണം, ദ്രുതഗതിയിലുള്ള ഇടപെടലുകൾ, സേവനങ്ങളുടെ തുടർച്ച എന്നിവ യോഗം വിലയിരുത്തി. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘത്തെയും നിയമനിർമ്മാണ സഭയുടെ സഹകരണത്തെയും കിരീടാവകാശി നന്ദി അറിയിച്ചു. ദേശീയ ഐക്യവും സുരക്ഷയും സംരക്ഷിക്കുന്നത് എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സൗദി അറേബ്യയ്ക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലിറ്റിയ നടത്തുന്ന ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു. സൗദിയുടെ സുരക്ഷ ബഹ്‌റൈന്റെ സുരക്ഷയുടെ ഭാഗമാണെന്നും സൗദിയുടെ പരമാധികാരം സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ വികസനത്തിൽ പങ്ക് വഹിക്കുന്ന അധ്യാപക സമൂഹത്തിന് യോഗം ആശംസകൾ നേർന്നു. കൂടാതെ, ഇറാൻ ആക്രമണത്തിനിടയിലും രാജ്യത്തിന്റെ ഊർജ്ജ മേഖലയുടെയും വ്യവസായങ്ങളുടെയും പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോയ ബാപ്കോ എനർജീസ് (Bapco Energies), അൽബ (Alba) എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവനത്തെ മന്ത്രിസഭ പ്രത്യേകം പ്രശംസിച്ചു. ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തെയും ജീവനക്കാരുടെ ദേശസ്നേഹത്തെയും യോഗം ആദരിച്ചു.
dfsdfsdfs

