ബഹ്‌റൈന്റെ പ്രഥമ വിൻഡ് അറ്റ്ലസ് പുറത്തിറക്കി
മനാമ : ബഹ്‌റൈന്റെ പ്രഥമ വിൻഡ് അറ്റ്ലസ് വൈദ്യുതി, ജലവിഭവ മന്ത്രി ഡോ. അബ്ദുൾഹുസ്സൈൻ മിർസ ഉദ്ഘാടനം ചെയ്തു. കാറ്റിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ടർബൈനുകൾക്ക് വിവിധ മേഖലകളിൽ ലഭിക്കുന്ന കാറ്റിന്റെ അളവ് കാണിക്കുന്നതാണ് വിൻഡ് അറ്റ്ലസ്.
സമഗ്ര വികസനത്തിനായി ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജ സ്രോതസുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഹമദ് ബിൻ ഇസാ അൽ ഖലീഫ രാജാവ്, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീംകമാൻഡറും ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അറ്റ്ലസ് നിർമ്മിച്ചത്.
സുസ്ഥിര ഊർജ്ജ സ്രോതസുകൾ ഉപയോഗിക്കുന്നതിനായി യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ പിന്തുണയോടെ ഇ.എം.ഡി. ഇന്റർനാഷണൽ നടത്തിയ വിപുലമായ പഠനത്തിന് ശേഷമാണ് അറ്റ്ലസ് തയാറാക്കിയതെന്ന് വൈദ്യുതി, ജലവിഭവ മന്ത്രി ഡോ. അബ്ദുൾഹുസ്സൈൻ മിർസ പറഞ്ഞു. 2025ഓടെ രാജ്യത്തിന് ആവശ്യമായ ഊർജത്തിൽ 5 ശതമാനം ഇപ്രകാരം ഉൽപ്പാദിപ്പിക്കാൻ അറ്റ്ലസ് സഹായിക്കും. 2035ഓടെ ഇത് 10 ശതമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. സൗരോർജ്ജത്തിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള നിക്ഷേപങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും വിൻഡ് അറ്റ്ലസ് പഠനങ്ങൾ കാട്ടിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള നിക്ഷേപങ്ങൾക്ക് ഗതിവേഗം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ, ഇൻസോമോണിയ തയ്യാറാക്കിയ സുസ്ഥിര ഊർജ്ജ യൂണിറ്റിന്റെ വെബ്‌സൈറ്റും ഡോ. മിർസ ഉദ്ഘാടനം ചെയ്തു. ഊർജ്ജ മേഖലയിൽ അവബോധം വളർത്തുന്നതിൽ വെബ്സൈറ്റ് മുഖ്യപങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

