മനാമ സൂഖ് പുനരുദ്ധാരണ പദ്ധതിക്ക് വ്യക്തത വരുത്തണമെന്ന് ആവശ്യം
മനാമ : മനാമ സൂഖിന്റെ നവീകരണ പദ്ധതിയെക്കുറിച്ചും ഇതിനായി നീക്കിവെച്ചിരിക്കുന്ന ബഡ്ജറ്റ് വിഹിതത്തെക്കുറിച്ചുമുള്ള വിവരങ്ങൾ വ്യക്തമാക്കണമെന്ന് മനാമ ട്രഡീഷണൽ മാർക്കറ്റ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ മഹ്മൂദ് അൽ നംലിറ്റി ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്‌ട്രിയോട് ആവശ്യപ്പെട്ടു. വ്യവസായ വാണിജ്യ, ടൂറിസം, ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള മൂന്ന് മില്ല്യൻ ബഹ്‌റൈൻ ദിനാർ ഉൾപ്പെടെ ആറ് മില്ല്യൻ ബഹ്റൈൻ ദിനാറാണ് പുനരുദ്ധാരണ പദ്ധതിക്കുള്ള ബഡ്ജറ്റ്. നംലിറ്റിയുടെ അഭിപ്രായ പ്രകാരം ബാക്കിവരുന്ന തുക എവിടെനിന്നാണെന്ന് ബി.സി.സി.ഐ. വ്യക്തമാക്കിയിട്ടില്ല. ഈ തുക സ്പോൺസർമാരിൽ നിന്ന് കണ്ടെത്തുകയാണോ അതോ ബി.സി.സി.ഐ സ്വന്തം ഫണ്ട് ഉപയോഗിക്കുമോ എന്നും വ്യക്തമാക്കണമെന്ന് നംലിറ്റി പറഞ്ഞു. സ്വകാര്യ മേഖലയിൽ നിന്നുള്ള ഫണ്ട് ബി.സി.സി.ഐ ബോണസ് ആയിട്ടാണ് കാണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ മനാമ സൂഖ് പുനരുദ്ധാരണ പദ്ധതിക്ക് മൂന്ന് മില്ല്യൻ ബഹ്‌റൈൻ ദിനാർ നൽകുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ തുക കണ്ടെത്തുന്നതിനായി ബാങ്കുകളെയും സ്വകാര്യമേഖലാ കന്പനികളെയും സമീപിക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ചേംബർ വാഗ്ദാനം ചെയ്ത മൂന്ന് മില്ല്യൻ ബഹ്‌റൈൻ ദിനാറിന് പുറമേ സ്വകാര്യ മേഖലയിൽ നിന്ന് ലഭിക്കുന്ന അധിക ഫണ്ട് ബോണസ് ആയി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് വ്യക്തത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോലി ഉടനെ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനാമ സൂഖ് ബഹ്‌റൈന്റെ ഒരു പ്രധാന ഭാഗമാണെന്നും ഇതിന് ബഹ്‌റൈനിലെ സംസ്കാരത്തിന്റെയും പാരന്പര്യത്തിന്റെയും മുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

