ഖനന പ്രദേശത്തെ എണ്ണ സാന്പിൾ പ്രധാനമന്ത്രി ഏറ്റുവാങ്ങി
മനാമ: രാജ്യത്ത് പുതുതായി കണ്ടെത്തിയ എണ്ണപ്പാടത്ത് നിന്ന് ഉൽപ്പാദിപ്പിച്ച എണ്ണയുടെ ആദ്യ സാന്പിൾ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഏറ്റുവാങ്ങി. ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന ക്യാബിനറ്റ് മീറ്റിംഗിൽ െവച്ചാണ് സാന്പിൾ ഔദ്യോഗികമായി ബഹ്റൈൻ നാച്വറൽ റിസോഴ്സസ് ആന്റ് ഇക്കണോമിക് സെക്യൂരിറ്റി ഹൈക്കമ്മിറ്റിയിൽ നിന്ന് പ്രധാനമന്ത്രി സ്വീകരിച്ചത്.
ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിദ്ധ്യത്തിലാണ് ഇത് സ്വീകരിച്ചത്. രാജ്യത്ത് ഏറ്റവും വലിയ എണ്ണപ്പാടം കണ്ടെത്തിയതായി ബഹ്റൈൻ നാച്വറൽ റിസോഴ്സസ് ആന്റ് ഇക്കണോമിക് സെക്യൂരിറ്റി ഹൈക്കമ്മിറ്റിയാണ് തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി വികസനത്തെ ശക്തിപ്പെടുത്തുകയും അതിന്റെ സുസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യുന്ന കണ്ടെത്തലിന്റെ പ്രാധാന്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബഹ്റൈൻ നാച്വറൽ റിസോഴ്സസ് ആന്റ് ഇക്കണോമിക് സെക്യൂരിറ്റി ഹൈക്കമ്മിറ്റിയുടെ പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

