ബഹ്റൈനിൽ വൻ മയക്കുമരുന്ന് വേട്ട; 23 കിലോയിലധികം ലഹരിമരുന്നുമായി 11 പ്രവാസികൾ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ വിവിധയിടങ്ങളിലായി നടത്തിയ അഞ്ച് വ്യത്യസ്ത ഓപ്പറേഷനുകളിൽ 23 കിലോയിലധികം ലഹരിമരുന്നുമായി 11 ഏഷ്യൻ പൗരന്മാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് ജനറൽ ഡയറക്ടറേറ്റിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റാണ് കസ്റ്റംസ് അഫയേഴ്സുമായി ചേർന്ന് ഈ സുപ്രധാന വേട്ട നടത്തിയത്. പിടിയിലായ പ്രതികളുടെ പ്രായം 20-നും 38-നും ഇടയിലാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് സാമഗ്രികൾക്ക് വിപണിയിൽ ഏകദേശം 199,000 ബഹ്റൈൻ ദിനാർ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിലും തെളിവെടുപ്പിലുമാണ് അഞ്ച് സംഭവങ്ങളിലും ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കുടുക്കാൻ സാധിച്ചതെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ലഹരിമരുന്നുകൾ പൂർണ്ണമായും പിടിച്ചെടുക്കുകയും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി കേസുകൾ പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് വ്യാപാരത്തിനെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങളുടെ പിന്തുണയും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർക്ക് പൂർണ്ണ വിവര രഹസ്യസ്വഭാവം ഉറപ്പുവരുത്തിക്കൊണ്ട് 996 എന്ന ഹോട്ട്ലൈൻ നമ്പറിലൂടെയോ 996@interior.gov.bh എന്ന ഇമെയിൽ വഴിയോ വിവരം കൈമാറാമെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
jbjbjkj

