ഒരു­ വർ­ഷം മു­ൻ­പ് അയച്ച പാ­ഴ്‌സൽ കി­ട്ടി­യി­ല്ല : കാ­ർ­ഗോ­ ഓഫീസ് പൂ­ട്ടി­


മനാമ : 2017ൽ ബഹ്റൈനിൽ നിന്നും കേരളത്തിലേയ്ക്ക് അയച്ച പാഴ്‌സലുകൾ ഇതുവരെ വിലാസക്കാരന് ലഭിച്ചില്ല. സാധനങ്ങൾ അയച്ച കാർഗോ സ്ഥാപനമാവട്ടെ ഇപ്പോൾ അടഞ്ഞുകിടക്കുന്നു. കണ്ണൂർ ഇരിട്ടി സ്വദേശി ജോബി അയച്ച പാഴ്‌സലാണ് നാട്ടിൽ ഇതുവരെ എത്തിയിട്ടില്ലെന്ന പരാതി ഉന്നയിച്ചത്. ജോബി 2017 ജൂണിൽ ബഹ്റൈനിൽ നിന്ന് അവധിക്ക് പോകാൻ നേരത്താണ് ഗുദൈബിയയിലെ സീറ്റെക്സ് കാർഗോ എന്ന കന്പനിയിൽ ബുക്ക് ചെയ്ത് 116 കിലോയോളം വരുന്ന പാഴ്‌സൽ വീട്ടിലേയ്ക്ക് അയച്ചത്. കുട്ടികൾക്ക് കളിക്കാനുള്ള ഇലക്ട്രിക് ബൈക്ക്, മറ്റ് കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയായിരുന്നു പാഴ്‌സലായി അയച്ചത്. 

എയർ കാർഗോ വഴി ആയതിനാൽ പെട്ടെന്ന് എത്തുമെന്നും എങ്കിലും പരമാവധി 25 ദിവസം വരെ ആകാമെന്നുമാണ് കാർഗോ ജീവനക്കാർ അറിയിച്ചത്. എന്നാൽ ഇതുവരെയും പാഴ്‌സൽ നാട്ടിൽ എത്തിയില്ല. നിലവിൽ കാർഗോ രസീതിൽ നൽകിയിട്ടുള്ള ഫോൺ നന്പറിൽ വിളിച്ചാൽ ആരും എടുക്കുന്നുമില്ല. തുടർന്ന് ഗുദൈബിയയിലെ കാർഗോ ഓഫീസിൽ എത്തിയപ്പോൾ ഓഫീസ് അടച്ചിട്ട നിലയിലാണ് കാണപ്പെടുന്നതെന്നും ജോബി പറഞ്ഞു. 136 ദിനാർ അടച്ചാണ് സാധനങ്ങൾ അയക്കാൻ ഈ ഓഫീസിനെ ഏൽപ്പിച്ചതെന്നും വിലപിടിപ്പുള്ള വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമാണ് പാഴ്‌സലിൽ ഉള്ളതെന്നും ജോബി പറയുന്നു. ഇപ്പോൾ ഈ കാർഗോ നടത്തിപ്പുകാരെപ്പറ്റിയോ ജീവനക്കാരെക്കുറിച്ചോ സമീപത്തുള്ളവർക്ക്‌ പോലും അറിയില്ലെന്നും ജോബി പറഞ്ഞു.

മലയാളികൾ അടക്കമുള്ള വലിയൊരു ശതമാനം പ്രവാസികളെയും കബളിപ്പിച്ചുകൊണ്ട് നിരവധി കാർഗോ കന്പനികളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. തമിഴ്നാട് ആസ്ഥാനമായ ചില കാർഗോ കന്പനികളാണ് ഇത്തരത്തിൽ കൂടുതലും ആളുകളെ കബളിപ്പിച്ചു കൊണ്ട് പാഴ്‌സലുകൾ മേൽവിലാസക്കാരന് എത്തിക്കാതെ കബളിപ്പിച്ചിരിക്കുന്നത്. കാർഗോ കന്പനികളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പൊതു സമൂഹത്തിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടുതലും അയച്ച സാധനങ്ങൾ വിലാസക്കാരന് ലഭിച്ചിട്ടില്ലെന്നുള്ളത് തന്നെയാണ് പരാതി. രണ്ട് വർഷം മുൻപ് കേരളത്തിലേയ്ക്ക് അയച്ചു എന്ന് ഉപഭോക്താവിനെ വിശ്വസിപ്പിച്ചിരുന്ന കാർഗോ കന്പനിയുടെ ഓഫീസിൽ നിന്ന് അടുത്തിടെ അയക്കാതെ െവച്ചിരുന്ന പാഴ്‌സലുകൾ തിരിച്ചുകൊടുത്ത സംഭവവും ഉണ്ടായി. ഉപഭോക്താവിനെ ശരിക്കും കബളിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. 

നാട്ടിലേയ്ക്ക് പരമാവധി വിമാനത്തിൽ കൂടെ കൊണ്ടുപോകാൻ കഴിയുന്ന പാഴ്‌സൽ 50 കിലോ മാത്രമാണ്. അതിലും കൂടുതൽ സാധനങ്ങൾ ഉള്ളവരാണ് ഇത്തരം കാർഗോ കന്പനികളെ ആശ്രയിക്കുന്നത്. ഈ രംഗത്ത് വലിയ മത്സരം ഉള്ളത് കൊണ്ട് പരമാവധി കുറഞ്ഞ തുകയ്ക്ക് പാഴ്‌സലുകൾ എത്തിക്കാം എന്ന് വലിയ പരസ്യങ്ങൾ നൽകിയാണ് കാർഗോ കന്പനി ഉപഭോക്താക്കളെ വലയിലാക്കുന്നത്. ടാക്സ്, സർവ്വീസ് ചാർജ്ജ് തുടങ്ങിയ വിവിധ സേവനങ്ങൾക്ക് വൻ തുക ഈടാക്കി അയക്കാനെടുക്കുന്ന പാഴ്‌സലുകൾ വിലാസക്കാരന് കൃത്യസമയത്ത് ലഭിക്കുന്നില്ലെന്ന് മാത്രമല്ല ഡെലിവറി ചെയ്യുന്ന സാധങ്ങളിൽ പലതും ഉപയോഗശൂന്യമാവുകയും ചെയ്യുന്നു.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്‌ പോലും ഇത്തരം സ്ഥാപനങ്ങൾ പേര് ദോഷമുണ്ടാക്കുന്നുണ്ടെന്ന് ബഹ്‌റൈനിലെ പ്രമുഖ കാർഗോ സ്ഥാപനയുടമ പറഞ്ഞു. നാട്ടിൽ ശക്തമായ വേരുകളുള്ള മികച്ച ഏജൻസിയുമായി ബന്ധമുള്ള കാർഗോ കന്പനികളിൽ പാഴ്‌സൽ ഏൽപ്പിക്കുക എന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മാർഗ്ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed