പുതിയ എണ്ണശേഖരത്തിൽനിന്ന് ഖനനം തുടങ്ങാനുള്ള പഠനങ്ങൾ വേഗത്തിലാക്കും : പ്രധാനമന്ത്രി
മനാമ : ഖലീജ് അൽ ബഹ്റൈൻ ബേസിനിൽ പുതുതായി കണ്ടെത്തിയ എണ്ണ ശേഖരത്തിൽ നിന്നും എണ്ണയും വാതകവും ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും ഇവിടുത്തെ പെട്രോളിയത്തിന്റെ അളവ് കണക്കാക്കുന്നതിനും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർദ്ദേശം നൽകി. രാജ്യത്തിന്റെ എണ്ണ, ഗ്യാസ് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി പ്രദേശത്ത് ഖനനം ആരംഭിക്കുന്നതിന് നിക്ഷേപത്തിനായി അന്താരാഷ്ട്ര കന്പനികളെയും അദ്ദേഹം ക്ഷണിച്ചു.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിലാണ് ഈ നിർദ്ദേശം. എണ്ണ, പ്രകൃതിവാതക പര്യവേക്ഷണങ്ങളും ഖനന പ്രവർത്തനങ്ങളും തുടരുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി.
എണ്ണ നിക്ഷേപങ്ങൾ, നിക്ഷേപങ്ങളുള്ള ആഴക്കടൽ പ്രദേശങ്ങൾ, കടൽ പാളികൾ തുടങ്ങിയ മേഖലകളിൽ നടത്തിയ പര്യവേഷണങ്ങളെക്കുറിച്ചുള്ള പ്രസന്റേഷൻ എണ്ണ വകുപ്പ് മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ യോഗത്തിൽ അവതരിപ്പിച്ചു. എണ്ണയും വാതകവും ഉൽപ്പാദിപ്പിക്കുന്നതിനായി തയ്യാറാക്കിവരുന്ന റിസർവോയർ, എണ്ണ, ഗ്യാസ് എന്നിവയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.

