റാഡോ വാച്ച് മുതൽ ആപ്പിൾ ഫോൺ വരെ : ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ വിപണിയിൽ
മനാമ : മനാമയിലെയും തിരക്ക് പിടിച്ച മറ്റ് പ്രദേശങ്ങളിലെയും ഫുട്പാത്തിലൂടെ നടന്ന് പോകുന്പോൾ ദയനീയ മുഖത്തോടെ സഹായാഭ്യാർത്ഥനയുമായി വരുന്നവരെ സൂക്ഷിക്കുക. വിശപ്പടക്കാൻ പോലും പണമില്ലാതെ സ്വന്തം വാച്ചും മൊബൈൽ ഫോണും വിൽക്കാൻ തയ്യാറായി നടക്കുന്ന ഇത്തരം ‘പാവങ്ങളെ’ സാധനം വാങ്ങി സഹായിക്കാം എന്ന് കരുതിയാൽ നിങ്ങൾ വീണ് പോകുന്നത് വലിയ ചതിക്കുഴികളിലായിരിക്കും. ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരാണ് ഇത്തരക്കാർ നിവൃത്തിയില്ലാതെ എന്ന വ്യാജേന വിൽപ്പന നടത്തുന്നത്.
നല്ല അഭിനയം കാഴ്ചവെയ്ക്കാൻ കഴിവുള്ള ഇത്തരക്കാരുടെ ചതിയിൽപ്പെട്ട് ‘റാഡോ വാച്ചും’ ‘ആപ്പിൾ ഫോണും’ അടക്കം സ്വന്തമാക്കുന്നവർ നിരവധിയാണ്. കാഴ്ചയിൽ ഒരു വ്യത്യാസവും തോന്നിക്കാത്ത തരത്തിലുള്ള ഇലക്ട്രോണിക് സാധനങ്ങളാണ് വിപണിയിൽ ഇത്തരത്തിലുള്ളവർ വിൽപ്പന നടത്തുന്നത്. സൗദിയിൽ നിന്നോ അല്ലെങ്കിൽ മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നോ ബഹ്റൈനിൽ എത്തിയപ്പോൾ പണമെല്ലാം പോക്കറ്റടിച്ച് പോയി എന്നും തിരിച്ചുപോകാൻ പണമില്ലാത്തതുകൊണ്ട് ഉപയോഗിക്കുന്ന ഫോണും വാച്ചും വിൽപ്പന നടത്തുകയാണെന്നും പറഞ്ഞാണ് ഇത്തരക്കാർ ഉപഭോക്താക്കളെ വലയിൽ വീഴ്ത്തുന്നത്. ഒറിജിനൽ എന്ന് തോന്നിക്കുന്ന വില കൂടിയ ഇത്തരം വസ്തുക്കൾ നിവൃത്തിയില്ലാത്തതുകൊണ്ട് പകുതി വിലയ്ക്ക് വിൽക്കാൻ തയ്യാറാകുന്നതോടെ ഉപഭോക്താവ് ഇവരുടെ തട്ടിപ്പിൽ വീണുപോകുന്നു. ആഴ്ചയിൽ ഒരിക്കലോ മറ്റോ പുറത്തിറങ്ങുന്ന ലേബർ ക്യാന്പുകളിലെയും മറ്റും പാവപ്പെട്ട നിരവധി തൊഴിലാളികൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് വിധേയരാകുന്നുണ്ട്.
അടുത്തിടെ ഒരു ദിവസം ഗുദൈബിയയിലെ ഫുട്പാത്തിൽ ഇത്തരത്തിൽ ‘റാഡോ’ വാച്ച് വിൽപ്പന നടത്തിയ സ്വദേശി പൗരൻ തൊട്ടടുത്ത ദിവസം തന്നെ മനാമ ബാബുൽ ബഹ്‌റൈനിൽ ‘ആപ്പിൾ ഫോൺ’ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരത്തിലുള്ള നിരവധി തട്ടിപ്പ് സംഘങ്ങൾ വ്യാജ വിൽപ്പനയുമായി രംഗത്തിറങ്ങിയിട്ടുള്ള കാര്യം പലർക്കും പിടികിട്ടിയത്. മനാമയിലെ ഏതോ കേന്ദ്രത്തിൽ നിന്നാണ് ഇത്തരത്തിലുള്ള വ്യാജ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഹോൾസെയിൽ നടക്കുന്നതെന്നാണ് കരുതുന്നത്.
ഫുട്പാത്തുകളിൽ മാത്രമല്ല, കടകളിലുമുണ്ട് ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ. വിലപിടിപ്പുള്ള റേ ബാൻ സൺ ഗ്ലാസുകളുടേത് അടക്കമുള്ള കൃത്രിമ ഗ്ലാസുകൾ വിപണിയിൽ ഉണ്ടെന്നുള്ള കാര്യം എല്ലാവർക്കും അറിവുള്ളതാണ്. അത് കടകളിൽ വ്യാജൻ എന്നുള്ള പേരിൽ തന്നെ വിൽപ്പനയും നടത്തുന്നുണ്ട്. എന്നാൽ മുന്തിയ ബ്രാൻഡുകളിൽ സോപ്പ്, ടൂത്ത് പേസ്റ്റ്, ക്രീമുകൾ, ഷാന്പൂ തുടങ്ങിയവയിലും വ്യാജന്മാർ ഇറങ്ങിയതോടെ ഇത്തരം ചില ബ്രാൻഡ് സ്ഥിരമായി ഉപയോഗിക്കുന്നവർ പോലും ആശങ്കയിൽ ആയിരിക്കുകയാണ്. ഡ്രൈ സ്കിന്നിന് പ്രതിവിധിയായി സ്ഥിരമായി പ്രമുഖ ബ്രാൻഡ് ഉപയോഗിച്ചുവരികയായിരുന്ന ഒരു വീട്ടമ്മ സാധാരണ ഈ ഉൽപ്പന്നം മെഡിക്കൽ ഷോപ്പിൽ നിന്നാണ് വാങ്ങിയിരുന്നത്. ഈയിടെ മനാമയിൽ ഒരാവശ്യത്തിന് പോയപ്പോൾ അവിടെയുള്ള കടയിൽ നിന്ന് ഇതേ ഉൽപ്പന്നം വാങ്ങി ഉപയോഗിച്ചപ്പോഴാണ് വാങ്ങിയ ക്രീം തീർത്തും വ്യാജമാണെന്ന് മനസ്സിലായത്. ഇക്കാര്യം കടയുടമയോട് പറഞ്ഞുവെങ്കിലും ഞങ്ങൾ ഒറിജിനൽ എന്ന് പറഞ്ഞാണ് ഇത് ഹോൾ സെയിൽ ഡീലറുടെയടുത്ത് നിന്നെടുത്തത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പായ്ക്കിങ്ങിലും പ്രിന്റിലും ഒരു വ്യത്യാസവും തോന്നിക്കാത്ത സോപ്പുകൾ, പ്രമുഖ ബ്രാൻഡുകളുടെ പേസ്റ്റുകൾ തുടങ്ങിയവ കോൾഡ് സ്റ്റോറുകളിൽ അടക്കം ഇപ്പോൾ ലഭ്യമാകുന്നവ ഒറിജിനലാണോ വ്യാജമാണോ എന്നുള്ള കാര്യം ഉപയോഗിച്ചാൽ മാത്രമേ തിരിച്ചറിയുകയുള്ളൂ.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ ആരെയും ആകർഷിപ്പിക്കുന്ന രീതിയിലാണ് കടകളിൽ ഇത്തരം സാധനങ്ങൾ പ്രദർശനത്തിന് െവച്ചിരിക്കുന്നത് എന്നത് കൊണ്ടുതന്നെ ഒറിജിനലേത് വ്യാജനേത് എന്നുള്ള കാര്യമൊന്നും വാങ്ങുന്നവർ ശ്രദ്ധിക്കുന്നില്ല. സൗന്ദര്യ വർദ്ധക വസ്തുക്കൾ വ്യാജൻ ആയാലും ഒറിജിനലിന്റെ വില തന്നെ ഈടാക്കുന്നുമുണ്ട്. കാഴ്ചയിൽ നിലവാരമുള്ളതെന്ന് തോന്നിപ്പിക്കുന്നതും ഗുണനിലവാരമില്ലാത്തതുമായ നിരവധി ഉൽപ്പന്നങ്ങളാണ് ഉപഭോക്താക്കളെ വഞ്ചിച്ചു കൊണ്ട് വിപണിയിൽ വിറ്റഴിക്കപ്പെടുന്നത്.

