തൂത്തുക്കുടി കലാപം: ഇരകൾക്ക് നഷ്ടപരിഹാരം വൈകിക്കുന്നു; തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
ശാരിക
ന്യൂഡൽഹി: 1996-ൽ തൂത്തുക്കുടിയിലുണ്ടായ വർഗീയ കലാപത്തിൽ ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ മൂന്ന് പതിറ്റാണ്ടോളമായി (30 വർഷം) അനാസ്ഥ കാട്ടുന്ന തമിഴ്‌നാട് സർക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. കേസ് തുടർച്ചയായി മാറ്റിവെപ്പിക്കാനും ഇരകൾക്ക് ആശ്വാസമെത്തിക്കുന്നത് വൈകിപ്പിക്കാനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് എൻ.വി. അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കലാപങ്ങൾ ഉണ്ടാകുമ്പോൾ അന്വേഷണ കമ്മീഷനുകളെ നിയോഗിക്കുമെങ്കിലും അർഹരായ ഇരകൾക്ക് ആശ്വാസമെത്തിക്കാൻ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു.
കേസ് പരിഗണിക്കുമ്പോഴെല്ലാം മാറ്റിവെക്കാൻ കത്തയക്കുന്ന സർക്കാർ അഭിഭാഷകന്റെ സമീപനത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച ജസ്റ്റിസ് ഭട്ടി, സർക്കാരിന്റെ സാവകാശ ഹർജി തള്ളി. കലാപത്തിൽ തകർന്ന സ്വത്തുക്കളുടെ യഥാർത്ഥ നഷ്ടം തിട്ടപ്പെടുത്തി കൃത്യമായ തുക നൽകാൻ മുൻ ജില്ലാ ജഡ്ജിയുടെ കമ്മീഷൻ ശുപാർശ ചെയ്തിരുന്നെങ്കിലും, അത് അട്ടിമറിച്ച് എല്ലാവർക്കും രണ്ട് ലക്ഷം രൂപ വീതം മാത്രം നൽകാനാണ് സർക്കാർ ഉത്തരവിട്ടത്. കമ്മീഷൻ നിർദ്ദേശപ്രകാരം നഷ്ടപരിഹാരം നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സർക്കാർ കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടർച്ചയായി സമയം നീട്ടി ചോദിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചാൽ കോടതിയുടെ ഭാഗത്തുനിന്ന് യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഹരജി വീണ്ടും പരിഗണിക്കുന്നതിനായി ചൊവ്വാഴ്ചയിലേക്ക് മാറ്റി.
േേിേ

