ഹൂതി ആക്രമണങ്ങളെ അപലപിച്ച് ബഹ്റൈൻ മന്ത്രിസഭ യോഗം; സൗദി അറേബ്യയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനവും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുമാണ് ഇത്തരം ആക്രമണങ്ങളെന്ന് മന്ത്രിസഭ വ്യക്തമാക്കി. ഗുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ ഉണ്ടായത്. സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ്ണ പിന്തുണ നൽകുമെന്ന് യോഗം ആവർത്തിച്ചു വ്യക്തമാക്കി.
ജോർദാനിലെ കാറക് ഗവർണറേറ്റിൽ പള്ളിക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തെയും മന്ത്രിസഭ അപലപിക്കുകയും ജോർദാനുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റവാളികളെ വേഗത്തിൽ പിടികൂടാൻ സാധിച്ച ജോർദാൻ സുരക്ഷാ സേനയുടെ നടപടിയെ മന്ത്രിമാർ അഭിനന്ദിച്ചു. ഗുദൈബിയയിലെ പുനരുദ്ധരിച്ച ശൈഖ് അഹമ്മദ് അൽ ഫത്തേ മസ്ജിദിന്റെ ഉദ്ഘാടനച്ചടങ്ങിന് നേതൃത്വം നൽകിയ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സംഭാവനകളെ മന്ത്രിസഭ പ്രശംസിച്ചു. സഹിഷ്ണുതയും സാംസ്കാരിക സംവാദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ മസ്ജിദ് പ്രധാന പങ്കുവഹിക്കുമെന്നും വിലയിരുത്തി.
രാജാവ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ചർച്ചകളുടെ വിജയത്തെ യോഗം സ്വാഗതം ചെയ്തു. നിക്ഷേപം, സാമ്പത്തികം, പ്രതിരോധം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു. ദേശീയ വൃക്ഷത്തോദ്യാന വാരത്തിന്റെ പ്രാധാന്യവും വനവൽക്കരണ പദ്ധതികളിൽ 'ടീം ബഹ്റൈൻ' എന്ന നിലയിലുള്ള കൂട്ടായ പങ്കാളിത്തവും യോഗം വിലയിരുത്തി. സിറിയൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം, ജി.സി.സി ഇസ്ലാമിക കാര്യ മന്ത്രിമാരുടെ യോഗം, അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റ്, വേൾഡ് ഇൻവെസ്റ്റ്മെന്റ് ഫോറം തുടങ്ങിയ വിവിധ വിഷയങ്ങളും യോഗം അവലോകനം ചെയ്തു.
േ്ിേ്ി

