അപകടകരമായ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ പുതിയ നിയമവുമായി ബഹ്റൈൻ വ്യവസായ-വാണിജ്യ മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ജനങ്ങളുടെ ജീവനും പൊതുസുരക്ഷയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ഉൽപ്പന്നങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ അപ്പോൾത്തന്നെ പിടിച്ചെടുത്ത് നശിപ്പിക്കാൻ അധികൃതർക്ക് അധികാരം നൽകിക്കൊണ്ട് പുതിയ നിയമം നിലവിൽ വന്നു. വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ഫക്രുവാണ് ഇതുസംബന്ധമായ ഉത്തരവ് പുറത്തിറക്കിയത്. സുരക്ഷിതമല്ലാത്ത ഇത്തരം സാധനങ്ങൾ രാജ്യത്തിന് പുറത്തേക്ക് കയറ്റി അയക്കാനോ പുനരുപയോഗത്തിനായി റീസൈക്കിൾ ചെയ്യാനോ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഗുരുതരമല്ലാത്ത വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് അത് പരിഹരിക്കുന്നതിനായി 60 പ്രവൃത്തിദിവസം വരെ സമയം അനുവദിക്കും.
ബഹ്റൈൻ അംഗീകരിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളെ നേരിടാൻ ഇൻസ്പെക്ടർമാർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ 2026-ലെ 49-ാം നമ്പർ തീരുമാനത്തിൽ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയ്ക്ക് ഭീഷണി ഉയർത്തുന്നതോ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാത്തതോ, നിർമ്മിത ലക്ഷ്യത്തിന് അനുയോജ്യമല്ലാത്തതോ, നിർദ്ദിഷ്ട ലേബലുകൾ ഇല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾക്കെതിരെയാണ് നടപടി. നിർമ്മിക്കുന്നതോ സൂക്ഷിക്കുന്നതോ വിൽപനയ്ക്ക് വെക്കുന്നതോ ആയ ഏതു സ്ഥലത്തുനിന്നും ഇത്തരം സാധനങ്ങൾ പിടിച്ചെടുക്കാൻ സാധിക്കും.
കോടതി വ്യവഹാര അധികാരങ്ങളുള്ള ഇൻസ്പെക്ടർമാർക്ക് സാധനങ്ങൾ സീൽ ചെയ്ത് ഫാക്ടറികളിലോ കടകളിലോ സൂക്ഷിക്കുകയോ മന്ത്രാലയത്തിന്റെ വെയർഹൗസുകളിലേക്ക് മാറ്റുകയോ ചെയ്യാം. സാമ്പിളുകൾ കൃത്യമായി പരിശോധിച്ച് സീൽ ചെയ്യേണ്ടതാണ്. നിയമലംഘനങ്ങൾ പരിഹരിക്കാൻ അവസരം ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ലഭിക്കുന്ന തീയതി മുതൽ പരമാവധി 60 പ്രവൃത്തിദിവസം വരെ സമയം അനുവദിക്കുന്നതാണെന്നും ഉത്തരവിലുണ്ട്.
sdsd

