വ്യാജരേഖ ചമച്ച് 65,000 ദീനാറിന്റെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തു; മൂന്ന് ഏഷ്യൻ വംശജർ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: വ്യാജരേഖകളും വിവരങ്ങളും ഉപയോഗിച്ച് പ്രമുഖ ടെലികോം കമ്പനിയിൽ നിന്ന് 65,000 ബഹ്‌റൈനി ദീനാർ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കേസിൽ മൂന്ന് ഏഷ്യൻ വംശജർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. മറ്റുള്ളവരുടെ വ്യക്തിഗത തിരിച്ചറിയൽ കാർഡ് (CPR) വിവരങ്ങൾ അവരുടെ അറിയാതെ ഉപയോഗിച്ച് കമ്പനിയുടെ ഇലക്ട്രോണിക് റെക്കോർഡുകളിൽ കൃത്രിമം കാണിച്ചാണ് പ്രതികൾ ഫോണുകൾ സ്വന്തമാക്കിയത്.
ഇലക്ട്രോണിക് കരാറുകളിലൂടെ ഫോണുകൾ കൈക്കലാക്കിയതായി കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അധികൃതർ നടത്തിയ അന്വേഷണത്തിൽ കരാറുകളിലെ വിരലടയാളങ്ങൾ ഐഡി കാർഡ് ഉടമകളുടേതല്ലെന്ന് വ്യക്തമായി. ഇരകളുടെ മൊഴികളും പണമിടപാടുകളുടെ വിവരങ്ങളും ശേഖരിച്ചാണ് പോലീസിന് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ചോദ്യം ചെയ്ത ശേഷം തടങ്കലിൽ വച്ചു. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
fsf

