ഏഴ് പാക് കന്പനികളെ അമേരിക്ക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി
വാഷിംഗ്ടൺ : ആണവസാമഗ്രികളുടെ വ്യാപാരവുമായി ബന്ധപ്പെട്ടതെന്നു കരുതപ്പെടുന്ന ഏഴ് പാക് കന്പനികളെ അമേരിക്ക ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തി. ആണവദാതാക്കളുടെ ഗ്രൂപ്പിൽ(എൻ.എസ്.ജി) അംഗത്വം നേടാനുള്ള പാകിസ്ഥാന്‍റെ ശ്രമത്തിന് ഇതോടെ തിരിച്ചടിയായി. അമേരിക്കൻ ബ്യൂറോ ഓഫ് ഇൻഡസ്‌ട്രി ആൻഡ് സെക്യൂരിറ്റി ഓഫ് കൊമേഴ്‌സ് ആണ് കഴിഞ്ഞ ദിവസം കന്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയത്.
ദേശസുരക്ഷയ്‌ക്കും വിദേശ നയത്തിനുമെതിരായ പ്രവർത്തനമാണു കന്പനികളുടേതെന്നു അമേരിക്ക വിലയിരുത്തി. ഈ കന്പനികളുടെ സ്വത്ത് മരവിപ്പിക്കില്ല. പക്ഷേ, ബിസിനസ് നടത്തുന്നതിനു പ്രത്യേക ലൈസൻസ് സ്വന്തമാക്കണം.
പാക്−അമേരിക്ക ബന്ധം അടുത്തകാലത്ത് ഏറെ വഷളായിരുന്നു. അമേരിക്കയിൽ നിന്നു കോടിക്കണക്കിനു ഡോളർ കൈപ്പറ്റുകയും ഭീകരർക്കു സുരക്ഷി
ത താവളം അനുവദിക്കുകയും ചെയ്യുന്ന പാകിസ്ഥാന്‍റെ ഇരട്ടത്താപ്പ് തുടരാൻ സമ്മതിക്കില്ലെന്നു അമേരിക്ക നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.
പാകിസ്ഥാൻ ഉത്തര കൊറിയയ്‌ക്ക് ആണവ രഹസ്യങ്ങൾ കൈമാറിയതായി ആരോപണമുണ്ടായിരുന്നു. പാകിസ്ഥാൻ ഇക്കാര്യം നിഷേധിച്ചിരുന്നു. അതേസമയം ഉത്തര കൊറിയയ്‌ക്ക് ആണവരഹസ്യം വിറ്റതായി പാക് അണാവായുധത്തിന്റെ പിതാവ് അബ്‌ദുൾ ക്വാദിർ ഖാൻ വെളിപ്പെടുത്തിയിരുന്നു.
അമേരിക്കയുടെ താൽപ്പര്യങ്ങൾക്കു ഹാനികരമായ പ്രവർത്തനത്തിൽ ഏർപ്പെട്ട കന്പനികൾക്കാണു പുതുതായി ഉപരോധം പ്രഖ്യാപിച്ചത്. പാകിസ്ഥാനിലെ ഏഴു കന്പനികൾക്കു പുറമേ സൗത്ത് സുഡാനിലെ 15 കന്പനികൾക്കും സിംഗപ്പൂരിലെ ഒരു കന്പനിക്കും എതിരെയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കന്പനികൾക്ക് ഇനി കർശന കയറ്റുമതി നിയന്ത്രണം ഉണ്ടാവും.

