മയക്കു­മരു­ന്ന് കടത്ത് : പ്രതി­ക്ക് അഞ്ച് വർ­ഷം തടവ്


മനാമ : പാകിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ പ്രതിക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 3000 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചു. 2017 മാർച്ച് 28ന് പാകിസ്ഥാനിൽ നിന്ന് ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർ പോർട്ടിൽ എത്തിയ 22കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അച്ചാർ പാത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിമാനത്താവളത്തിലെ പോലീസ് ഉദ്യോഗസ്ഥൻ ലഗേജ് പരിശോധിക്കുന്നതിന് ഉത്തരവിടുകയായിരുന്നു. ഷാബു എന്നറിയപ്പെടുന്ന 180 ഗ്രാം മെതാംഫെറ്റമിനാണ് പ്രതിയിൽനിന്ന് കണ്ടെടുത്തത്. നാല് വർഷത്തിലേറെയായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചപ്രതി, താൻ പാകിസ്ഥാനിൽനിന്ന് വിവാഹം കഴിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പാകിസ്ഥാനിൽ ഗ്രാമിന് മൂന്നര ബഹ്‌റൈൻ ദിനാർ നിരക്കിൽ മയക്കുമരുന്ന് ലഭ്യമാകുമെന്നും ഇതേ അളവ് മയക്കുമരുന്ന് 400 ബഹ്‌റൈൻ ദിനാറിനാണ് ഇവിടെ വിൽക്കുന്നതെന്നും പ്രതി പറഞ്ഞു. ഇതോടെയാണ് മയക്കുമരുന്ന് വാങ്ങാനും സ്വകാര്യ ഉപയോഗത്തിനായി ബഹ്‌റൈനിലേക്ക് കടത്താനും തീരുമാനിച്ചതെന്നും പ്രതി പറഞ്ഞു. മയക്കുമരുന്ന് കടത്തുക, മയക്കുമരുന്ന് കൈവശം വെയ്ക്കുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed