9 ദിവസം, 3574 ചോദ്യങ്ങൾ, ഉത്തരത്തിൽ സെഞ്ചുറിയടിച്ച് 6 മന്ത്രിമാർ! നിയമസഭാ സമ്മേളനം സമാപിച്ചു
ഷീബ വിജയൻ
തിരുവനന്തപുരം: വയോജന ക്ഷേമ ബില്ലും മാരിടൈം ബില്ലുമടക്കം സുപ്രധാന നിയമനിർമാണങ്ങളും ഒപ്പം രാഷ്ട്രീയ വാദപ്രതിവാദങ്ങളും നിറഞ്ഞ ഒമ്പതു ദിവസത്തെ നിയമസഭ സമ്മേളനത്തിന് സമാപനം. നക്ഷത്ര ചിഹ്നമിട്ട 270 ചോദ്യങ്ങളും നക്ഷത്ര ചിഹ്നമിടാത്ത 3204 ചോദ്യങ്ങളും അടക്കം ആകെ 3574 ചോദ്യങ്ങളാണ് ഒമ്പതു ദിവസങ്ങളിലായി അവതരിപ്പിക്കപ്പെട്ടത്. ഇതിൽ 2808 ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രിമാർ കൃത്യമായ മറുപടി നൽകി. നക്ഷത്ര ചിഹ്നമിട്ട 270 ചോദ്യങ്ങൾക്കും നക്ഷത്ര ചിഹ്നമിടാത്ത 2538 ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർ ഉത്തരം ലഭ്യമാക്കി. ഭക്ഷ്യ മന്ത്രി, പട്ടിക വകുപ്പ് മന്ത്രി, മരാമത്ത് വകുപ്പ് മന്ത്രി, ജലവിഭവ മന്ത്രി, കൃഷി മന്ത്രി, തൊഴിൽ മന്ത്രി എന്നിവർ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഈ മന്ത്രിമാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മറ്റു മന്ത്രിമാരും ഇതേ മാതൃക അനുവർത്തിക്കണമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ചോദ്യോത്തരവേളകളിൽ 31 ചോദ്യങ്ങൾക്ക് വാക്കാൽ മറുപടി നൽകുകയും 293 ഉപചോദ്യങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തു. സമ്മേളനകാലത്ത് ആറ് അടിയന്തര ചോദ്യങ്ങൾക്കുള്ള നോട്ടീസ് ലഭിക്കുകയും രണ്ടെണ്ണം അനുവദിക്കുകയും ചെയ്തു. 18 ശ്രദ്ധ ക്ഷണിക്കലുകൾ സഭയിൽ ഉന്നയിക്കപ്പെടുകയുണ്ടായി. 143 സബ്മിഷനുകൾ ഉന്നയിക്കുകയും മന്ത്രിമാർ മറുപടി നൽകുകയും ചെയ്തു. ഒരുദിവസം 10 സബ്മിഷൻ എന്ന ചട്ടത്തിന് ചില ദിവസങ്ങളിൽ ഇളവ് നൽകിയാണ് നടപടികൾ മുന്നോട്ട് കൊണ്ടുപോയത്. അവസാന ദിവസം മാത്രം 38 സബ്മിഷനുകളാണ് അവതരിപ്പിച്ചത്. അടിയന്തര പ്രമേയ അവതരണത്തിന് അനുമതി തേടി ഒമ്പത് നോട്ടീസുകൾ ലഭിച്ചെങ്കിലും മന്ത്രിമാരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ ഒന്നിനും അനുമതി നൽകിയില്ല.
എന്നാൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ളതടക്കം മൂന്ന് സുപ്രധാന പ്രമേയങ്ങൾ സഭ പാസാക്കി. കേരള കോർട്ട് ഫീസ് (ഭേദഗതി) ബിൽ, മദ്രാസ് ഹിന്ദു മത-ധർമ എൻഡോവ്മെന്റുകൾ (ഭേദഗതി) ബിൽ, കേരള മുതിർന്ന പൗരൻമാരുടെ പരിചരണവും അവകാശ സംരക്ഷണവും ബിൽ, കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ, കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ, കേരള മോട്ടോർ വാഹന നികുതി ചുമത്തൽ (ഭേദഗതി) ബിൽ, സമഗ്ര കേരളം ബിൽ, മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള വർധന സംബന്ധിച്ച ബിൽ എന്നിവയാണ് ഈ സമ്മേളനകാലയളവിൽ പാസാക്കിയ പ്രധാന നിയമനിർമാണങ്ങൾ. ഇതിനുപുറമേ അഞ്ച് അനൗദ്യോഗിക ബില്ലുകൾക്ക് അവതരണാനുമതി തേടിയിരുന്നു. ഒമ്പത് ദിവസത്തെ സമ്മേളനത്തിനിടെ 7375 സന്ദർശകരാണ് സഭാ നടപടികൾ നേരിട്ട് വീക്ഷിക്കാനെത്തിയത്.
ോേമംമെമംമെമംെ

